56 ഇഞ്ച് നെഞ്ചളവുള്ളത് കഴുതകള്‍ക്ക്; മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ്

അഹമ്മദാബാദ്: 56 ഇഞ്ച് നെഞ്ചളവുള്ളത് കഴുതകള്‍ക്ക് മാത്രമാണെന്ന പരിഹാസവുമായി ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മോദ്വാഡിയ. തന്നേപ്പോലെ 56് ഇഞ്ച് നെഞ്ചളവ് ഉള്ളവര്‍ക്ക് മാത്രമേ ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കൂ എന്ന് 2014 ല്‍ മോദി പ്രസംഗിച്ചിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ ഇതിന് വ്യാപക പ്രചാരണവും നല്‍കിയിരുന്നു. മോദിയുടെ ഈ അവകാശവാദത്തെ പരിഹസിച്ചു കൊണ്ടാണ് മോദ്വാഡിയയുടെ പുതിയ പരാമര്‍ശം. ബാണസ്‌കന്ത ജില്ലയിലെ ദീസയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് മോദ്വാഡിയ ഇപ്രകാരം പറഞ്ഞത്.

”ആരോഗ്യവാനായ ഒരു മനുഷ്യന്റെ നെഞ്ചളവ് 36 ഇഞ്ചാണ്. ബോഡി ബില്‍ഡര്‍ ആണെങ്കില്‍ 42 ഇഞ്ച് വരെയാകാം. എന്നാല്‍ കഴുതകള്‍ക്ക് മാത്രമാണ് അമ്പത്തിയാറ് ഇഞ്ച് നെഞ്ചളവ് ഉണ്ടാകുക. ചില കാളകളുടെ നെഞ്ചളവ് 100 ഇഞ്ചാണ്.” ഇപ്രകാരമായിരുന്നു മോദ്വാഡിയയുടെ വാക്കുകള്‍. മോദിയുടെ ഭക്തര്‍ക്കും അണികള്‍ക്കും ഇക്കാര്യങ്ങളെക്കുറിച്ച് ബോധ്യമില്ലെന്നും തങ്ങളുടെ നേതാവിന് 56 ഇഞ്ച് നെഞ്ചളവ് ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതവരെ സന്തുഷ്ടരാക്കുമെന്നും മോദ്വാഡിയ കൂട്ടിച്ചേര്‍ക്കുന്നു.

SHARE