ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂര്‍

ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേരുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂര്‍. ഞാനിപ്പോഴും കോണ്‍ഗ്രസിലാണെന്ന് അല്‍പഷ് താക്കൂര്‍ പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി അല്‍പേഷ് ഭിന്നതയിലായിരുന്നു. താക്കൂര്‍ സമുദായത്തിന് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്നും അല്‍പേഷ് ആരോപിച്ചിരുന്നു. ഇതിനിടയിലാണ് ബി.ജെ.പിയിലേക്കാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നത്.

കോണ്‍ഗ്രസിനുള്ള പിന്തുണ തുടരുമെന്ന് അല്‍പേഷ് പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അല്‍പേഷ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഭിനന്ത രൂക്ഷമായതിനിടെയാണ്, കോണ്‍ഗ്രസിലെ മൂന്ന് എംഎല്‍എമാര്‍ക്കൊപ്പം അല്‍പേഷ് ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായത്. അടുത്തിടെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി അല്‍പേഷ് അടക്കമുളള നേതാക്കള്‍ ചര്‍ച്ച നടത്തിയതോടെ അഭ്യൂഹങ്ങള്‍ ശക്തമായി.

പത്താന്‍ സീറ്റില്‍ നിന്ന് ലോക്‌സഭയിലേക്ക് ടിക്കറ്റോ, ഗുജറാത്ത് മന്ത്രിസഭയില്‍ സ്ഥാനമോ ആണ് ബിജെപി അല്‍പേഷിന് നല്‍കിയ ഓഫര്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതല്ലെങ്കില്‍ താക്കൂറിന്റെ ഭാര്യ കിരണിനെ പത്താന്‍ സീറ്റില്‍ നിന്ന് മത്സരിപ്പിക്കാം എന്ന വാഗ്ദാനവും അല്‍പേഷിന് മുന്നില്‍ ബിജെപി വെച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

ഗുജറാത്തിലെ ഓബിസി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുളള നേതാവാണ് അല്‍പേഷ് താക്കൂര്‍. 2017ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അല്‍പേഷ് താക്കൂര്‍ രാധന്‍പൂരില്‍ നിന്ന് മത്സരിച്ച് ജയിച്ചാണ് നിയമസഭയിലെത്തിയത്.

SHARE