രാജിവെക്കാന്‍ പറഞ്ഞ് എം.എല്‍.എമാരെ ഭീഷണിപ്പെടുത്തുന്നു; ബി.ജെ.പിക്കെതിരെ തെര.കമ്മീഷനെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്


ജൂണ്‍ 19ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്. ഗുജറാത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന അഴിമതി കമ്മീഷനെ അറിയിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു.

ഗുജറാത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഓരോ സീറ്റുകളില്‍ വിജയിക്കാന്‍ സാധിക്കും. എന്നാല്‍ ജനാധിപത്യ മര്യാദകള്‍ ലംഘിച്ച് സീറ്റ് പിടിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം. കോവിഡ് പ്രതിസന്ധി ഒരു അവസരമായി ബിജെപി ദുരുപയോഗം ചെയ്യുകയാണ്. പണവും അധികാരവും ഉപയോഗിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താനാണ് ബിജെപിയുടെ ശ്രമമെന്നും അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.

ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായ പുഞ്ചാഭായ് വന്‍ഷയെ ബിജെപിക്കാര്‍ ഉപദ്രവിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ശല്യം ചെയ്യല്‍. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. അധികാരത്തിലിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനെ വിരട്ടാമെന്ന് കരുതേണ്ടെന്നും അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.

ഗുജറാത്തില്‍ ബ്രിജേഷ് മെര്‍ജ, അക്ഷയ് പട്ടേല്‍, ജിതു ചൌധരി എന്നീ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇതിനകം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞു. മാര്‍ച്ചില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെക്കുകയുണ്ടായി. ഇതോടെ 182 അംഗ സഭയില്‍ കോണ്‍ഗ്രസ് അംഗസംഖ്യ 65 ആയി ചുരുങ്ങി. ഇതോടെ രണ്ടാം രാജ്യസഭാ സീറ്റ് വിജയിക്കാമെന്ന കോണ്‍ഗ്രസ് പ്രതീക്ഷ മങ്ങിയിരിക്കുകയാണ്.

ബി.ജെ.പി എംഎല്‍എമാരെ വിലയ്‌ക്കെടുക്കുന്നത് തടയാന്‍ കോണ്‍ഗ്രസ് സ്വന്തം എം.എല്‍.എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. രാജസ്ഥാനിലെയും രാജ്‌കോട്ടിലെയും റിസോര്‍ട്ടുകളിലേക്കാണ് മാറ്റിയത്. ശക്തിസിന്‍ഹ് ഗോഹിലും ഭരത്‌സിന്‍ഹ് സോളങ്കിയുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. അഭയ് ഭരദ്വാജ്, റമീലബെന്‍ ബാര, നര്‍ഹരി അമിന്‍ എന്നിവരാണ് ബിജെപി സ്ഥാനാര്‍ഥികള്‍.