ഭരണഘടന മാറ്റിയെഴുതലും, പാക് പരാമര്‍ശവും; പാര്‍ലമെന്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: ഭരണഘടന മാറ്റിയെഴുതുമെന്ന കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഡ്‌ഗെയുടെ വിവാദ പ്രസ്താവനക്കെതിരായി പാര്‍ലമെന്റില്‍ പ്രതിപക്ഷബഹളം. ബഹളത്തില്‍ മുങ്ങി ഇരുസഭകളും തടസ്സപ്പെട്ടു.

കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ച വിഷയത്തില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു. കുല്‍ഭൂഷണ്‍ വിഷയത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യാഴാഴ്ച പ്രസ്താവന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പാക് പരാമര്‍ശത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുന്നത് മൂലം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നു. മന്‍മോഹന്‍സിംഗിനെതിരെയുള്ള പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഹെഗ്‌ഡെയുടെ പ്രസ്താവനയോട് കേന്ദ്രസര്‍ക്കാര്‍ യോജിക്കുന്നില്ലെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. എന്നാല്‍ ഈ പരാമര്‍ശത്തില്‍ പ്രതിപക്ഷം തൃപ്തരായില്ല.

ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്താണ് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് പാക് ബന്ധമുണ്ടായിരുന്നുവെന്ന് മോദി ആരോപിച്ചത്. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്.