ബി.ജെ.പിയില്‍ കൂട്ട രാജി അസ്വാരസ്യം പുകയുന്നു

ഭോപാല്‍: മധ്യപ്രദേശില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പിയില്‍ അസ്വാരസ്യം പുകയുന്നു. അഞ്ച് സിറ്റിങ് എം.പിമാര്‍ക്ക് സീറ്റ് നിഷേധിച്ചതിലും നിലവിലെ എം.പിമാരെ സ്ഥാനാര്‍ത്ഥിയാക്കിയതിലും പ്രതിഷേധിച്ച് ഭോപാല്‍, സിദ്ധി ജില്ലാ കമ്മിറ്റികളില്‍ നിന്നും ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവെച്ചു.
സിദ്ധി ജില്ല അധ്യക്ഷന്‍ കാന്തിദേവ് സിങിനൊപ്പം ഏഴ് ഭാരവാഹികളാണ് രാജിവെച്ചത്. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാതെയാണ് നിലവിലെ എം.പി രീതി പഥകിന് പാര്‍ട്ടി സീറ്റ് നിഷേധിച്ചതെന്നാണ് ഇവരുടെ ആരോപണം. തികാംഗഡില്‍ നിലവിലെ എം.പി വീരേന്ദ്ര കുമാറിനെ മത്സരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മുന്‍ എം.എല്‍.എ ആര്‍.ഡി പ്രജാപതിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി അധ്യക്ഷന് കത്ത് നല്‍കി. ഇതിനു പുറമെ പ്രജാപതി പ്രതിഷേധം നേരിട്ട് അറിയിക്കുന്നതിനായി ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
മോറീനയില്‍ സിറ്റിങ് എം.പിയും വാജ്‌പേയിയുടെ അനന്തരവനുമായ അനൂപ് മിശ്രക്ക് സീറ്റ് നിഷേധിച്ച് കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമറിന് സീറ്റ് നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ അഴിച്ചു വിട്ടത്. അതേ സമയം കോണ്‍ഗ്രസിന് സംസ്ഥാനത്ത് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കാര്യമായ പരാതികളൊന്നും ഉയരാത്തത് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.