രാജസ്ഥാനില്‍ വിശ്വാസവോട്ടിന് തയാറായി അശോക് ഗെഹ്ലോട്ട്; ഗൂഢാലോചനയില്‍ കേന്ദ്രമന്ത്രി രാജിവെക്കണമെന്ന് കോണ്‍ഗ്രസ്

ജയ്പൂര്‍: പ്രതിസന്ധി നിലനില്‍ക്കെ രാജസ്ഥാനില്‍ വിശ്വാസവോട്ടിന് തയാറാണെന്ന് കോണ്‍ഗ്രസ് നേതൃത്വം. ബുധനാഴ്ച മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തില്‍ നിയമസഭ വിളിച്ചു ചേര്‍ത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് പിന്തുണ നല്‍കിയത്തോടെയാണ് വിശ്വാസവോട്ടിലേക്ക് നീങ്ങാന്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം ഉണ്ടായത്. അതേസമയം, കോടതി നടപടി തുടരുന്നതിനാല്‍ അതിന് ശേഷമായിരിക്കും അന്തിമതീരുമാനം.

അതിനിടെ, രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയ ബിജെപി നേതാവിന്റെ ശബ്ദരേഖയില്‍ കൂടുതല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍പോലും ആവശ്യപ്പെടാത്ത ബിജെപി നേതാവ് ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കേന്ദ്രമന്ത്രി സ്ഥാനം ഒഴിയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സച്ചിന്‍ പൈലറ്റ് ക്യാമ്പില്‍ നിന്ന് വിമത എംഎല്‍എമാരുമായി ഗൂഢാലോചന നടത്തിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ ഗജേന്ദ്ര സിംഗ് ശേഖാവത്ത് സുര്‍ജേവാലയുടെ ആരോപണം നിരസിക്കുകയാണുണ്ടായത്.

ഗജേന്ദ്ര സിംഗ് ശേഖവത്തിനെതിരെ കൂടുതല്‍ ചോദ്യങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ഞായറാഴ്ച രംഗത്തെത്തി. ഗജേന്ദ്ര സിംഗ് ശേഖാവത്തിനെതിരെ എഫ്ഐആര്‍ രേഖപ്പെടുത്തിയതായും ഓഡിയോടേപ്പിലെ ശബ്ദം ഗജേന്ദ്രന്റേത് തന്നെയെന്ന് അദ്ദേഹത്തെ അറിയുന്ന ആളുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്, എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും കേന്ദ്രമന്ത്രി പദത്തില്‍ തുടരുന്നതെന്നും ജയ്പൂരില്‍ പത്രസമ്മേളനത്തില്‍ കേന്ദ്ര ജലമന്ത്രിയോട് അജയ് മക്കെന്‍ ചോദിച്ചു.

ഓഡിയോടേപ്പിലെ ശബ്ദം തന്റേതല്ല, മറ്റൊരു ഗജേന്ദ്ര സിങ്ങിന്റെതാണെന്ന് അദ്ദേഹം പറയുന്നത് ഞാന്‍ കേട്ടു. അങ്ങനെയാണെങ്കില്‍, അദ്ദേഹം തന്റെ വോയ്സ് സാമ്പിള്‍ നല്‍കി അന്വേഷണം പൂര്‍ത്തിയാക്കട്ടെ”അജയ് മാക്കന്‍ കൂട്ടിച്ചേര്‍ത്തു.

200 പേരുള്ള രാജസ്ഥാന്‍ നിയമസഭയില്‍ 104 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ഗെഹ്ലോട്ട് സര്‍ക്കാറിന് കഷ്ടിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെങ്കിലും ഭാവിയില്‍ നേരിടാന്‍ പോകുന്ന ഭീഷണിയും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. വിമത എംഎല്‍എമാരെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ട്. സഭയില്‍ രണ്ട് എംഎല്‍എമാര്‍ ഉള്ള സിപിഐഎമ്മിന്റെ പിന്തുണയും കോണ്‍ഗ്രസ് തേടും. പിന്തുണ നല്‍കുന്നവരുടെ പട്ടിക ഇന്നലെ രാത്രി നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഗെഹ്ലോട്ട് ഗവര്‍ണറെ ധരിപ്പിച്ചിരുന്നു.

അതേസമയം, മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ സച്ചിന്‍ പൈലറ്റുമായി അനുനയ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് തുടരുന്നതായാണ് വിവരം.

ഹരിയാനയിലെ റിസോര്‍ട്ടില്‍ നിന്നും കടന്നുകളഞ്ഞ എംഎല്‍എമാരെ സൗത്ത് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണ് മാറ്റിയിരിക്കുന്നത്. കേന്ദ്രമന്ത്രിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി മുന്നോട്ടുവച്ച ആവശ്യം റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആഭ്യന്തരമന്ത്രാലയം പരിഗണിക്കും.