കോണ്‍ഗ്രസിന്റെ ബലം ജനങ്ങളാണ്, വാഗ്ദാനങ്ങളെല്ലാം പാലിച്ചു; കര്‍ണാടകയില്‍ കോണ്‍ഗ്രസ് തന്നെ- രാഹുല്‍ ഗാന്ധി

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം സുനിശ്ചിതമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊപ്പം മുന്നേറാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് കഴിഞ്ഞെന്നും രാംദര്‍ഗില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം വ്യക്തമാക്കി.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം നിറവേറ്റാന്‍ സിദ്ധരാമയ്യ സര്‍ക്കാരിന് സാധിച്ചു. സംസ്ഥാനത്ത് ഒട്ടേറെ വികസന പദ്ധതികള്‍ നടപ്പാക്കി. തുടര്‍ന്നും കോണ്‍ഗ്രസിനെ ജനങ്ങള്‍ അധികാരമേല്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും അതിരൂക്ഷമായ ഭാഷയില്‍ രാഹുല്‍ വിമര്‍ശിച്ചു. ബി.ജെ.പിക്കൊപ്പം മാധ്യമങ്ങളും പണവുമുണ്ട്. അതിനാല്‍ തന്നെ എന്തിനെയും തങ്ങള്‍ക്ക് അനുകൂലമായി ചിത്രീകരിക്കാന്‍ അവര്‍ക്ക് സാധിക്കും. എന്നാല്‍ കോണ്‍ഗ്രസിന്റെ ബലം ജനങ്ങളാണ്. അവരുടെ അവകാശങ്ങള്‍ക്കും പുരോഗതിക്കും കോണ്‍ഗ്രസ് പോരാടും.

അഴിമതിയെക്കുറിച്ച് സംസാരിക്കാന്‍ മോദിക്ക് ധാര്‍മികമായി അവകാശമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. 12 വര്‍ഷം മുഖ്യമന്ത്രിയായി വിലസിയ മോദി എന്തുകൊണ്ട് ഗുജറാത്തില്‍ ലോകായുക്തയെ നിയമിച്ചില്ല. ലോക്പാലിനായി വാദിച്ച മോദി കേന്ദ്രത്തില്‍ അധികാരത്തിലേറിയിട്ടും അത് നടപ്പാക്കാതെ ഒളിച്ചുകളിക്കുകയാണ്. ജി.എസ്.ടി. നടപ്പാക്കിയതിലൂടെ സാധാരണക്കാരുടെ പോക്കറ്റില്‍നിന്ന് മോദി കൈയിട്ടുവാരി. ലക്ഷക്കണക്കിന് ബിസിനസ് സംരംഭങ്ങള്‍ പൂട്ടേണ്ടിവരികയും ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വന്‍നഷ്ടം സംഭവിക്കുകയും ചെയ്തു. എന്നാല്‍, അമിത്ഷായുടെ മകന്റെ ബിസിനസ് വന്‍തോതില്‍ വളരുകയാണ് ചെയ്തത്. നീരവ് മോദിയെ പോലുള്ളവര്‍ക്കുവേണ്ടി മാത്രമാണ് മോദി എന്തെങ്കിലും ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു. 3 ദിവസത്തെ ജന ആശീര്‍വാദ് യാത്രയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും അദ്ദേഹം പര്യടനം നടത്തി.