രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ: ഹരിപ്രസാദ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിനായി യു.പി.എ സ്ഥാനാര്‍ത്ഥി ബി.കെ ഹരിപ്രസാദ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഹരിവംശ് നാരായണ്‍ എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. നാളെയാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ ജൂണില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്റെ കാലാവധി കഴിഞ്ഞതോടെയാണ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കര്‍ണാടകയില്‍ നിന്നുള്ള ഒ.ബി.സി നേതാവായ ഹരി പ്രസാദ് ദീര്‍ഘകാലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു. എന്‍.സി.പിയിലെ വന്ദന ചവാന്‍, ഡി.എം.കെയിലെ തിരുച്ചി ശിവ എന്നിവരില്‍ ഒരാളെ രാജ്യസഭ ഉപാധ്യക്ഷ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചത്. പൂനെ മേയറായിരുന്ന വന്ദന ചവാന്‍ സ്ഥാനാര്‍ത്ഥിയാവുന്നതോടെ ശിവസേനയുടെ പിന്തുണയും എന്‍.സി.പി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ ബന്ധപ്പെട്ടപ്പോള്‍ എന്‍.ഡി.എക്ക് പിന്തുണ പ്രഖ്യാപിച്ചതായി അദ്ദേഹം അറിയിച്ചതോടെ എന്‍.സി.പി മത്സര രംഗത്തു നിന്നും പിന്‍മാറുകയായിരുന്നു.തുടര്‍ന്ന് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.

245 അംഗ രാജ്യസഭയില്‍ വിജയിക്കാന്‍ 123 അംഗങ്ങളുടെ പിന്തുണ വേണം. കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 116 പേരുടെ പിന്തുണയാണ് നിലവിലുള്ളത്. കോണ്‍ഗ്രസിന് പുറമെ ടി.എം.സി, മുസ്്‌ലിം ലീഗ്, ആപ്, ബി.എസ്.പി, സി.പി.ഐ, സി.പി.എം, ഡി.എം.കെ, എസ്.പി, ടി.ഡി.പി, കേരള കോണ്‍ഗ്രസ് എം, എന്‍.സി.പി, ആര്‍.ജെ.ഡി എന്നീ പാര്‍ട്ടികളുടെ പിന്തുണയാണ് പ്രതിപക്ഷത്തിനുള്ളത്.

അതേസമയം ബിജു ജനതാദള്‍, ടി.ആര്‍.എസ് എന്നീ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിക്കാനായതോടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വിജയിക്കാനാണ് സാധ്യത. ഇടഞ്ഞു നില്‍ക്കുന്ന അകാലിദളിനെ അനുനയിപ്പിക്കാന്‍ എന്‍.ഡി.എ ക്യാമ്പില്‍ ശക്തമായ ശ്രമം നടക്കുന്നുണ്ട്. 73 അംഗങ്ങളുള്ള ബി.ജെ.പിക്ക് സഖ്യകക്ഷിയായ ജെ.ഡി.യുവിന്റെ ആറും അകാലിദളിന്റെ മൂന്നും അംഗങ്ങളുടെ പിന്തുണയുണ്ട്. ശിവസേനക്ക് മൂന്ന് അംഗങ്ങളുണ്ടെങ്കിലും പിന്തുണയുടെ കാര്യത്തില്‍ വ്യക്തത ഇല്ല. ബിജു ജനതാദള്‍, ടി.ആര്‍.എസ് എന്നിവര്‍ പിന്തുണ പ്രഖ്യാപിച്ചതോടെ എ.ഐ.എ.ഡി.എം.കെയുടെ 13 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയ എന്‍.ഡി.എ വിജയിക്കാനാണ് സാധ്യത. രാജ്യസഭയില്‍ ന്യൂനപക്ഷമായ എന്‍.ഡി.എക്ക് ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് വിജയം വലിയ ആശ്വാസം പകരും.

SHARE