ഹരിയാനയില്‍ കര്‍ണാടക മോഡലിനൊരുങ്ങി കോണ്‍ഗ്രസ്; ജെ.ജെ.പിക്ക് മുഖ്യമന്ത്രി പദം നല്‍കാന്‍ സാധ്യത

ന്യൂഡല്‍ഹി: തൂക്കുസഭ നിലവില്‍ വന്ന ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിക്കുമെന്ന സൂചന നല്‍കി നിലവിലെ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടാര്‍. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ഖട്ടാറിന്റെ വാദം. ഗവര്‍ണറെ കാണുന്നതിന് രാജ്ഭവനോട് ഖട്ടാര്‍ സമയം ചോദിക്കുകയും ചെയ്തു.

അതേസമയം ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചാല്‍ കര്‍ണാടക മോഡല്‍ പരീക്ഷണത്തിലേക്ക് കോണ്‍ഗ്രസ് നീങ്ങുമെന്ന് സൂചന. സംസ്ഥാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടനം മുന്‍ മുഖ്യമന്ത്രി കൂടിയായ ഭൂപീന്ദര്‍ സിംഗ് ഹൂഡയെ കൂടുതല്‍ ശക്തനാക്കിയിരിക്കുകയാണ്. 2014 ലെ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെട്ടതിന് ശേഷം 72 കാരന്റെ രാഷ്ട്രീയ തിരിച്ചുവരവാണിത്. ബിജെപി അധികാരത്തില്‍ വരുന്നതിനെതിരെ ചെറു കക്ഷിയായ ജെ.ജെ.പിക്ക് മുഖ്യമന്ത്രി പദം നല്‍കി പുതിയ സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നാണ് സൂചന. ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗത്താലയെ കോണ്‍ഗ്രസ് ഇക്കാര്യം അറിയിച്ചതായാണ് സൂചന. മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന്റെ ഭരണ പരാജയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജെ.ജെ.പിയും തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ടുതന്നെ ബി.ജെ.പിക്കൊപ്പം ചേരുന്നതിനോട് നേതാക്കള്‍ക്ക് താല്‍പര്യമില്ല. ദുഷ്യന്ത് ചൗത്താലക്കും കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാണ് താല്‍പര്യം. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങള്‍ നിര്‍ണായകമാകും.

അതിനിടെ ചെറു കക്ഷികളേയും സ്വതന്ത്രരേയും കൂടെ നിര്‍ത്തി സര്‍ക്കാറുണ്ടാക്കാനുള്ള നീക്കം ബിജെപിയും നടത്തുന്നുണ്ട്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഖട്ടാറിനെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ജെ.ജെ.പി ഉള്‍പ്പെടെയുള്ള കക്ഷികളുമായും സ്വതന്ത്രരുമായും ബി.ജെ.പി അനൗദ്യോഗിക ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഹരിയാനയില്‍ ആറ് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെ ഭരണം നിലനിര്‍ത്താമെന്ന കണക്കുകൂട്ടലില്‍ ബിജെപി. അവകാശവാദം സാധൂകരിക്കും വിധം നാലുപേരെ ഡല്‍ഹിയില്‍ എത്തിക്കാന്‍ ബിജെപിക്കായി.

ഹരിയാനയില്‍ കോണ്‍ഗ്രസ് ഉജ്ജ്വല മുന്നേറ്റമുണ്ടാക്കിയതിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി മുതിര്‍ന്ന നേതാക്കളെ ഫോണില്‍ വിളിച്ചു. മന്ത്രിസഭയുണ്ടാക്കാന്‍ ഏതി നീക്കത്തിനും സോണിയ അദ്ദേഹത്തിന് സ്വാതന്ത്ര്യം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹരിയാനയിലെ ജനം തങ്ങളെ കേട്ടന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി സെല്‍ജയും വ്യക്തമാക്കി.

ബി.ജെ.പി സര്‍ക്കാരിനെതിരായ വിധിയെഴുത്താണ് ഫലമെന്ന് ഹൂഡ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹരിയാനയുടെ ചുമതലയുള്ള ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവര്‍ നേതാക്കളുമായി ചര്‍ച്ച തുടരുകയാണ്.