സൈബര്‍ യുദ്ധത്തില്‍ ബി.ജെ.പിയെ കടത്തിവെട്ടി കോണ്‍ഗ്രസ്; പിന്നില്‍ ദിവ്യ സ്പന്ദന

ന്യൂഡല്‍ഹി: 2014-ല്‍ നരേന്ദ്ര മോദിയെ അധികാരത്തിലേറ്റാന്‍ ഇന്റര്‍നെറ്റില്‍ പ്രചരണം നയിച്ച ബി.ജെ.പി സൈബര്‍ വിങിനെ കടത്തിവെട്ടി കോണ്‍ഗ്രസ് സൈബര്‍ വിങിന്റെ മുന്നേറ്റം. കര്‍ണാടക തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ ബി.ജെ.പിയെ പിന്നിലാക്കിയുള്ള കോണ്‍ഗ്രസ് സൈബര്‍ വിങിന് ചുക്കാന്‍ പിടിക്കുന്നത് മുന്‍ ചലച്ചിത്രതാരം ‘രമ്യ’ (ദിവ്യ സ്പന്ദന)യാണ്. സൈബര്‍ ഇടത്തിലെ മേല്‍ക്കൈ നഷ്ടമായ ബി.ജെ.പി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തങ്ങളുടെ സോഷ്യല്‍ മീഡിയാ പ്രചരണ വിഭാഗം തലവന്‍ അമിത് മാല്‍വിയയെ മാറ്റാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്നില്ല. ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗിച്ച് ‘മോദി തരംഗം’ സൃഷ്ടിച്ചായിരുന്നു ബി.ജെ.പി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ജയം നേടിയത്. എന്നാല്‍, നവമാധ്യമങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് ദിവ്യ സ്പനന്ദനയെ ചുമതലയേല്‍പ്പിക്കുകയായിരുന്നു. ദിവ്യ കോണ്‍ഗ്രസിന്റെ സൈബര്‍ വിഭാഗത്തില്‍ ചുമതലയേറ്റപ്പോള്‍ ചിരിച്ചിരുന്ന ബി.ജെ.പി അനുഭാവികള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് കൈവരിച്ച മുന്നേറ്റത്തില്‍ ഞെട്ടിയിരിക്കുകയാണ്.

ബി.ജെ.പി സര്‍ക്കാറിന്റെ പരാജയങ്ങള്‍ തുറന്നുകാട്ടുക, രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സന്ദേശങ്ങള്‍ കൂടുതലായി ജനങ്ങളിലെത്തിക്കുക, കണക്കുകളും വസ്തുതകളും ഉപയോഗിച്ച് ഇന്‍ഫോഗ്രാഫിക്‌സും വീഡിയോകളും പ്രചരിപ്പിക്കുക തുടങ്ങിയവയാണ് കോണ്‍ഗ്രസ് സൈബര്‍ വിഭാഗം ഇപ്പോള്‍ ചെയ്യുന്നത്. ബി.ജെ.പിയുടെ വ്യാജ പ്രചരണങ്ങളുടെയും മുനയൊടിക്കാനും നുണപ്രചരണങ്ങള്‍ ചോദ്യം ചെയ്യാനും ദിവ്യക്കും സംഘത്തിനും കഴിഞ്ഞു. വസ്തുതകള്‍ ഉയര്‍ത്തിക്കാട്ടിയുള്ള കോണ്‍ഗ്രസിന്റെ ചോദ്യത്തോട് കൃത്യമായി പ്രതികരിക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നില്ല എന്നതാണ് സാമൂഹ്യ മാധ്യമങ്ങളിലെ യാഥാര്‍ത്ഥ്യം.

ദിവ്യയുടെ 12മാസത്തെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായാ മാറ്റം ജനങ്ങളിലെത്തിക്കുന്നതില്‍ നിര്‍ണായകമായി. രാഹുല്‍ ഗാന്ധിയുടെ മൂര്‍ച്ചയേറിയ പ്രസംഗങ്ങളും പ്രസ്താവനകളും ചൂടാറാതെ സാമൂഹ്യമാധ്യമങ്ങളിലെത്തിയതോടെ ഒരു ഘട്ടത്തില്‍ ബി.ജെ.പിയെ വഴിവിട്ട് സഹായിച്ചിരുന്ന ദേശീയ മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസിനെ പരിഗണിക്കാതെ നില്‍ക്കക്കള്ളിയില്ലെന്നായി. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ മാറ്റിയതിനു പിന്നില്‍ ദിവ്യസ്പന്ദനയാണെന്നാണ് അറിയുന്നത്. എതിരാളികളെ പ്രകോപിപ്പിക്കാതെ വസ്തുതാപരമായ ചോദ്യങ്ങളുന്നയിക്കുന്ന കോണ്‍ഗ്രസിന്റെ പ്രചരണ രീതി ബി.ജെ.പിയെ അസ്വസ്ഥരാക്കുന്നുണ്ടെന്നാണ് സൂചന.

നിലവില്‍, കര്‍ണാടക തെരഞ്ഞെടുപ്പിലാണ് ദിവ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സൈബര്‍ സംഘത്തിന്റെ പ്രവര്‍ത്തനം. മുഖ്യമന്ത്രി സിദ്ധരാമയ്യയെ കേന്ദ്രീകരിച്ചുള്ള ട്വിറ്റര്‍ യുദ്ധത്തില്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. കോണ്‍ഗ്രസിനും മറ്റ് പാര്‍ട്ടികള്‍ക്കുമെതിരെ ബി.ജെ.പിയും നരേന്ദ്ര മോദിയും ആരോപണങ്ങള്‍ തൊടുക്കുമ്പോള്‍ കണക്കുകള്‍ ഉന്നയിച്ചു കൊണ്ടാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയുമെല്ലാം പ്രതികരിക്കുന്നത്. ഇത് ഫലപ്രദമായി ഉപയോഗിക്കാനും കൂടുതല്‍ പേരിലെത്തിക്കാനും ദിവ്യ സ്പന്ദനക്കും സംഘത്തിനും കഴിയുന്നു.