‘ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്ന് അമിത് ഷായെ നീക്കണം’; രാഷ്ട്രപതിയോട് കോണ്‍ഗ്രസ്

‘ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്ന് അമിത് ഷായെ നീക്കണം’; രാഷ്ട്രപതിയോട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായെ തല്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താന്‍ അടിയന്തരമായി ഇടപെടണമെന്ന് രാഷ്ട്രപതിക്ക് നല്‍കിയ നിവേദനത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുളള സംഘമാണ് രാഷ്ട്രപതിയെ നേരിട്ട് കണ്ടത്.

ഡല്‍ഹിയില്‍ അക്രമം തടയുന്നതില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പരാജയപ്പെട്ടു. അതിനാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ ഉടന്‍ നീക്കം ചെയ്യണമെന്ന് രാഷ്ട്രപതിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയതിനു ശേഷമാണ് നേതാക്കന്മാര്‍ രാഷ്ട്രപതിയെ കണ്ടത്.

കഴിഞ്ഞ നാലുദിവസം ഡല്‍ഹിയില്‍ നടന്ന സംഭവവികാസങ്ങള്‍ രാഷ്ടപതിയെ ധരിപ്പിച്ചെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹി കലാപത്തില്‍ 34പേര്‍ മരിച്ചത് ആശങ്കയുളവാക്കുന്ന കാര്യമാണ്. ഇത് രാജ്യത്തിന് തന്നെ നാണക്കേടാണ്. കേന്ദ്രസര്‍ക്കാരിന്റെ പരാജയമാണ് ഇതിലൂടെ വെളിവാകുന്നതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. സോണിയ ഗാന്ധി, മന്‍മോഹന്‍സിങ് എന്നിവര്‍ക്ക് പുറമേ ചിദംബരം, ഗുലാംനബി ആസാദ്, കെ സി വേണുഗോപാല്‍, മല്ലികാര്‍ജ്ജുന ഖാര്‍ഗെ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും സംഘത്തിലുണ്ടായിരുന്നു.