കോവിഡ്: മന്‍മോഹനെ കളത്തിലിറക്കി കോണ്‍ഗ്രസ്, ലക്ഷ്യം സര്‍ക്കാറിന്‍റെ സാമ്പത്തിക വീഴ്ചകള്‍- ഉപദേശക സമിതിക്ക് രൂപം നല്‍കി സോണിയ

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ പാര്‍ട്ടി കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ അദ്ധ്യക്ഷതയില്‍ ഉന്നത സമിതിക്ക് രൂപം നല്‍കിയ കോണ്‍ഗ്രസ്. പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് 11 അംഗ സമിതിക്ക് രൂപം നല്‍കിയത്. മുന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി, മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം എന്നിവര്‍ അംഗങ്ങളാണ്.

രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് കണ്‍വീനര്‍. കെ.സി വേണുഗോപാല്‍, മനീഷ് തിവാരി, ജയറാം രമേശ്, പ്രവീണ്‍ ചക്രവര്‍ത്തി, ഗൗരവ് വല്ലഭ്, സുപ്രിയ ശ്രീനാഥ്, രോഹന്‍ ഗുപ്ത എന്നിവരാണ് മറ്റു അംഗങ്ങള്‍. എല്ലാ ദിവസവും പാര്‍ട്ടി യോഗം വിര്‍ച്വല്‍ യോഗം ചേരുമെന്ന് പാര്‍ട്ടി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.


വിവിധ വിഷയങ്ങളില്‍ പാര്‍ട്ടി കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താനാണ് സമിതി എന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്. ഏതെല്ലാം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും എന്നതില്‍ വ്യക്തതയില്ലെങ്കിലും പ്രധാനമായും സാമ്പത്തിക കാര്യങ്ങളാകും പരിഗണനയ്ക്ക് വരിക എന്നാണ് കരുതപ്പെടുന്നത്. സാമ്പത്തിക വിദഗ്ദ്ധരായ ഡോ. മന്‍മോഹന്‍സിങ്, പി.ചിദംബരം, ഗൗരവ് വല്ലഭ്, ജയറാം രമേശ് എന്നിവര്‍ സമതിയില്‍ ഉള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഇതിന് പുറമേ, മീഡിയയുമായി ബന്ധപ്പെട്ട അംഗങ്ങള്‍ക്കാണ് മുന്‍തൂക്കം.

രണ്‍ദീപ് സുര്‍ജേവാലയും മനീഷ് തിവാരിയും പാര്‍ട്ടി വക്താക്കളാണ്. സുപ്രിയ ശ്രീനാഥ് മുന്‍ ടി.വി ജേണലിസ്റ്റാണ്. പാര്‍ട്ടി സോഷ്യല്‍ മീഡിയ മേധാവിയാണ് രോഹന്‍ ഗുപ്ത. ഡാറ്റ അനാലിറ്റിക്‌സാണ് പ്രവീണ്‍ ചക്രവര്‍ത്തി. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനമായ ശക്തിയുടെ മസ്തിഷ്‌കവും രാഹുല്‍ ഗാന്ധി നിയോഗിച്ച ഡാറ്റ അപഗ്രഥന വിഭാഗത്തിന്റെ മേധാവിയുമാണ് പ്രവീണ്‍.

കോവിഡിന് പിന്നാലെ സമ്പദ് രംഗം അടിമുടി തകര്‍ച്ചയിലേക്ക് പോകുന്ന സാഹചര്യത്തില്‍ ഈ സമിതി രൂപീകരണത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കോവിഡിന് മുമ്പു തന്നെ ദുര്‍ബലമായി തുടങ്ങിയ സമ്പദ് മേഖല തകര്‍ച്ചയില്‍ നിന്ന് അടുത്തകാലത്ത് കരകയറില്ല എന്ന സൂചനയാണ് ആഗോള റേറ്റിങ് ഏജന്‍സികള്‍ നല്‍കുന്നത്. സര്‍ക്കാറും ആര്‍.ബി.ഐയും ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും നിലവിലെ സാഹചര്യത്തില്‍ അതെല്ലാം അപര്യാപ്തമാണ്.

സാമ്പത്തിക മേഖല കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. മന്‍മോഹന്‍സിങ് അടക്കമുള്ള വിദഗ്ദ്ധര്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. സാമ്പത്തിക മേഖലയിലെ സര്‍ക്കാര്‍ വീഴ്ചകള്‍ രാഷ്ട്രീയ അവസരമാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ടെന്ന് തീര്‍ച്ചയാണ്. എന്നാല്‍ നിലവില്‍ കോവിഡ് ഭീതി ഒഴിയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇത്തരം പ്രശ്‌നങ്ങളില്‍ പരസ്യപ്രസ്താവനകള്‍ നടത്തിയിട്ടില്ല.