കോണ്‍ഗ്രസിന് പ്രസക്തി നഷ്ടമായി; നേതൃമാറ്റം വേണമെന്ന് മണിശങ്കര്‍ അയ്യര്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്‍ക്കു പിന്നാലെ കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ കലാപം. കോണ്‍ഗ്രസിന്റെ പ്രസക്തി ദേശീയ തലത്തില്‍ നഷ്ടമായെന്നും, നേതൃമാറ്റം ഉടന്‍ വേണമെന്നും മുന്‍ കേന്ദ്ര മന്ത്രി മണി ശങ്കര്‍ അയ്യര്‍. ഗോവയില്‍ വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി വിജയിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു അയ്യരുടെ പ്രതികരണം.

ദേശീയ തലത്തില്‍ പാര്‍ട്ടി ചുരുങ്ങി വരികയാണ്. അതിനാല്‍ നേതൃമാറ്റം അനിവാര്യമാണ്. കൂടുതല്‍ യുവാക്കള്‍ പാര്‍ട്ടി സെക്രട്ടറിമാരാവണം. അതോടൊപ്പം പരിചയ സമ്പന്നരായ മുതിര്‍ന്ന നേതാക്കളെ പ്രവര്‍ത്തക സമിതിയിലും ഉള്‍പ്പെടുത്തണം അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും വലിയ പരാജയം ഏറ്റുവാങ്ങിയതും മണിപ്പൂരിലും ഗോവയിലും അധികാരത്തിലെത്താന്‍ കഴിയാത്തതും പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശം ഉയര്‍ത്തുന്നുണ്ട്.

മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണത്തിലേറാന്‍ കഴിയാത്തത് നേതൃത്വത്തിന്റെ കഴിവ് കേടാണെന്ന് പ്രാദേശിക നേതൃത്വം ആരോപിച്ചിരുന്നു. സംഘടന രംഗത്ത് അഴിച്ചു പണിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്താക്കിയിരുന്നു. ഈ വര്‍ഷം അവസാനം നിയമസഭകളിലേക്കും 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രാദേശിക നേതാക്കള്‍ ഉയര്‍ന്നു വരേണ്ടത് കോണ്‍ഗ്രസിന് അത്യാവശ്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കോണ്‍ഗ്രസില്‍ നേതൃമാറ്റമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയരുന്നതിനിടെ മുന്‍ പഞ്ചായത്ത് രാജ് മന്ത്രികൂടിയായ മണിശങ്കര്‍ അയ്യര്‍ കൂടി ഇതേ ആവശ്യവുമായി രംഗത്തു വന്നത് ശ്രദ്ധേയമാണ്.