ബിജെപിയെ ഞെട്ടിച്ച് ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്

റാഞ്ചി: ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിക്കുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേ. കോണ്‍ഗ്രസ് – ജെഎംഎം സഖ്യം അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേ, ആക്‌സിസ് മൈ ഇന്ത്യയും പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

81 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 38മുതല്‍ 50 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്ന് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വേ പ്രവചിക്കുന്നു. അതേസമയം ബിജെപി 32 സീറ്റുകളും കോണ്‍ഗ്രസ്- ജെഎംഎം സഖ്യം 35 സീറ്റുകളും നേടുമെന്ന് സീ വോട്ടര്‍ സര്‍വേ വ്യക്തമാക്കുന്നു. ഐഎഎന്‍എസ് എബിപി എക്‌സിറ്റ് പോളില്‍ ജാര്‍ഖണ്ഡില്‍ തൂക്ക് സഭയാണ് പ്രവചിച്ചിരിക്കുന്നത്. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ തുടങ്ങിയ കക്ഷികള്‍ മൂന്നു മുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പറയുന്നു.

സര്‍വേ റിപ്പോര്‍ട്ടുകള്‍ ബിജെപിക്ക് നിര്‍ണായകമാണ്. 43 സീറ്റുള്ള ബിജെപി എട്ട് സീറ്റുള്ള ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയെ ഒപ്പം നിര്‍ത്തിയാണ് സംസ്ഥാനം ഭരിക്കുന്നത്. 81 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 42 അംഗങ്ങളുടെ പിന്തുണ വേണം. അതേസമയം, വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബിജെപി സര്‍ക്കാര്‍.

SHARE