കോണ്‍ഗ്രസ് ഇന്ത്യയുടെ ശബ്ദമാകണം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ശബ്ദമായി മാറുകയാണ് കോണ്‍ഗ്രസിന്റെ ദൗത്യമെന്ന് രാഹുല്‍ ഗാന്ധി. ആ ചുമതല നിറവേറ്റാന്‍ ഓരോ പ്രവര്‍ത്തകനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ പ്രഥമ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിചയസമ്പന്നരും ഊര്‍ജ്ജ്വസ്വലരും ഒരുപോലെ ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വര്‍ത്തമാനകാലത്തില്‍ നിന്ന് ഭാവിയിലേക്കുള്ള പാലമാകേണ്ടത് കോണ്‍ഗ്രസാണ്. അതിനാല്‍ തന്നെ രാജ്യത്തിന്റെ ഉന്നമനത്തില്‍ നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട നിരവധി ആളുകളുണ്ട്. അവരുടെ ഉന്നമനത്തിനും ഉയര്‍ത്തെഴുന്നേല്‍പിനുമായി നാം പ്രവര്‍ത്തിക്കണം-രാഹുല്‍ പറഞ്ഞു.

ബി.ജെ.പിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ജനങ്ങളെ തമ്മിലടിപ്പിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കത്തെ ചെറുക്കണം. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയണമെന്നും രാഹുല്‍ പറഞ്ഞു.

നിരാശനായ മോദി നടത്തുന്ന വാചകക്കസര്‍ത്ത് സര്‍ക്കാറിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്നതിന്റെ തെളിവാണെന്ന് തുടര്‍ന്ന് സംസാരിച്ച യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന ഭരണകൂടത്തിന്റെ അപകടകരമായ പിടിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ ചുമതലയാണെന്ന് സോണിയ പറഞ്ഞു.

SHARE