ഞങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സിദ്ധരാമയ്യ തന്നെ; ഇനി നിങ്ങളുടേത് പറയൂ കര്‍ണാടകയില്‍ ബി.ജെ.പിയോട് കോണ്‍ഗ്രസ്

ബെംഗളുരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബി.ജെ.പിയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രചരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ആരംഭിച്ചെങ്കിലും ബി.ജെ.പി ജയിച്ചാല്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് പറയാത്തതെന്തെന്ന് കോണ്‍ഗ്രസ് നേതാവ് കെ.എന്‍ രാജണ്ണ ചോദിച്ചു. സംസ്ഥാനത്തെ ബി.ജെ.പിയുടെ ജനപ്രിയ നേതാവായ യെദ്യൂരപ്പക്ക് എല്‍.കെ അദ്വാനിയുടെ ഗതിയാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

‘വോട്ട് സമാഹരിക്കാന്‍ കഴിയുന്ന കര്‍ണാടകയിലെ മൂന്ന് നേതാക്കളിലൊരാളാണ് യെദ്യൂരപ്പ. മറ്റു രണ്ടു പേര്‍ സിദ്ധരാമയ്യയും മുന്‍ മുഖ്യമന്ത്രി എച്ച്.ഡി ദേവെഗൗഡയുമാണ്. പക്ഷേ, യെദ്യൂരപ്പ എല്‍.കെ അദ്വാനിയെ പോലെ മാറ്റി നിര്‍ത്തപ്പെടും.’ – നിയമസഭയില്‍ രാജണ്ണ പറഞ്ഞു. സംസ്ഥാനത്ത് അടുത്ത തവണയും സിദ്ധരാമയ്യ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. നിരവധി കോണ്‍ഗ്രസ് അംഗങ്ങള്‍ ഡെസ്‌കിലടിച്ച് രാജണ്ണക്ക് പിന്തുണ അറിയിച്ചു.

അതേസമയം, യെദ്യൂരപ്പ തന്നെയായിരിക്കും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ സമവായമില്ലെന്നാണ് സൂചന. ഗുജറാത്ത് മാതൃകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാതെ നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിടുകയും ജയിച്ചാല്‍ മാത്രം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുകയും ചെയ്യുകയെന്ന തന്ത്രമാണ് ബി.ജെ.പി കര്‍ണാടകയില്‍ പയറ്റുക എന്നാണ് സൂചന. സംസ്ഥാനത്ത് ബി.ജെ.പിയിലുള്ള ഭിന്നത തെരഞ്ഞെടുപ്പ് സമയത്ത് പുറത്തു വരാതിരിക്കാന്‍ ഇതാണ് നല്ലത് എന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര നേതൃത്വം.