പൗരത്വ ഭേദഗതി;മഹാരാഷ്ട്രയില്‍ നിലപാടില്ലാതെ ശിവസേന, കോണ്‍ഗ്രസും എന്‍.സി.പിയും പ്രക്ഷോഭത്തിലേക്ക്

പൗരത്വ നിയമ ഭേദഗതിക്കെതിരെ മഹാരാഷ്ട്രയില്‍ പ്രക്ഷോഭത്തിനൊരുങ്ങി എന്‍.സി.പി -കോണ്‍ഗ്രസ് -സമാദ് വാദി പാര്‍ട്ടികള്‍. എന്നാല്‍, ശിവസേനയുടെ ഭാഗത്തുനിന്ന് ഇതുവരെ തീരുമാനമൊന്നും വന്നിട്ടില്ല. എന്നാല്‍ എന്‍.സി.പിയുടേയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഈ സാഹചര്യത്തില്‍ സഖ്യകക്ഷികളില്‍ രണ്ട് പേരും പ്രതിഷേധത്തിനിറങ്ങുമ്പോള്‍ ഒഴിഞ്ഞുമാറിയാല്‍ ശിവസേനയ്ക്ക് സര്‍ക്കാരിനെ പിടിച്ച് നിര്‍ത്താന്‍ ബുദ്ധിമുട്ടാകും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലോക്‌സഭയില്‍ അനുകൂല നിലപാടാണ് ശിവസേന സ്വീകരിച്ചത്. എന്നാല്‍ രാജ്യസഭയില്‍ ബില്ലിനെ അനുകൂലിച്ചാല്‍ കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ പിന്തുണ പിന്‍വലിക്കുമെന്ന് അറിയിച്ചിരുന്നു. ഇതു കാരണം രാജ്യസഭയില്‍ ബില്ലില്‍ നടന്ന വോട്ടെടുപ്പില്‍ നിന്ന് ശിവസേന എം.പിമാര്‍ വിട്ടുനിന്നിരുന്നു. പൗരത്വ ബല്ലിന്‍മേലുള്ള ചര്‍ച്ചയ്ക്കിടെ ശിവസേന എം.പിമാര്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. അതേ സമയം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. തൃണമൂല്‍ അധികാരത്തിലിരിക്കുന്ന കാലത്തോളം ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് മമത ബാനര്‍ജിയും വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ മതേതര ശരീരത്തിനേറ്റ മുറിവ് എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് ബില്ലിനെ വിശേഷിപ്പിച്ചിരുന്നത്. ബില്‍ ഭരണഘടനാ വിരുദ്ധം എന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുക എന്നാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കിയിരുന്നത്.

ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് സംയുക്ത പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ മുസ്‌ലിം ലീഗ് നല്‍കിയ കേസില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ സുപ്രിംകോടതിയില്‍ കക്ഷിചേരുമെന്നും കേരള സര്‍ക്കാരുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. സമാനചിന്താഗതിക്കാരായ എല്ലാവരെയും അണിനിരത്തി വര്‍ഗീയ ബില്ലിനെതിരെ നിയമപരമായി പോരാടുമെന്നും ചെന്നിത്തല പറഞ്ഞു. സാധ്യമായ എല്ലാ വേദികളിലും പൗരത്വബില്ലിനെതിരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ ആദ്യപടിയെന്നോണം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും കക്ഷിനേതാക്കളും ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മണിക്ക് സത്യഗ്രഹ സമരം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പു ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളം ഒറ്റക്കെട്ടായി പ്രതികരണത്തിലേക്ക് നീങ്ങുന്നത്. സാംസ്‌കാരികകലാസാഹിത്യ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും. ജനാധിപത്യ സംരക്ഷണത്തിനായി വിവിധ രാഷ്ട്രീയ പാര്‍ടികളിലും സംഘടനകളിലും പെട്ടവര്‍ അഭിവാദ്യം അര്‍പ്പിക്കും. നവോത്ഥാന സമിതിയുടെ പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാകും.

SHARE