ആര്‍.എസ്.എസിനെ കടന്നാക്രമിക്കുന്ന വീഡിയോയുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ആസ്ഥാനത്ത് സംസാരിക്കുന്നതിന് തൊട്ടുമുമ്പ് ട്വിറ്ററില്‍ ആര്‍.എസ്.എസിനെ കടന്നാക്രമിക്കുന്ന വീഡിയോയുമായി കോണ്‍ഗ്രസ്. ഒരു മിനിറ്റ് നീണ്ട് നില്‍ക്കുന്ന വീഡിയോയില്‍ ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാര്‍ സത്യഗ്രത്തില്‍ പങ്കെടുക്കരുതെന്ന് പറഞ്ഞു, ആര്‍.എസ്.എസ് തങ്ങളുടെ പ്രവര്‍ത്തകരെ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാന്‍ പ്രേരിപ്പിച്ചു, സംഘപരിവാര്‍ ദേശീയ പതാകയെ അംഗീകരിക്കുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് വീഡിയോയില്‍ പറയുന്നത്.

പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ആര്‍.എസ്.എസ് വളണ്ടിയര്‍മാരെ അഭിസംബോധന ചെയ്യാനാണ് പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ആസ്ഥാനത്തെത്തിയിരിക്കുന്നത്. പ്രണബിന്റെ നീക്കത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ശക്തമായ അമര്‍ഷമുണ്ട്. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും പ്രണബിന്റെ മകളും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ശര്‍മ്മിള മുഖര്‍ജിയും പ്രണബിന്റെ നാഗ്പൂര്‍ സന്ദര്‍ശനത്തിനെതിരെ രംഗത്ത് വന്നിരുന്നു.

നാഗ്പൂരിലെത്തിയ പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ സ്മാരകത്തില്‍ സന്ദര്‍ശനം നടത്തി. ഭാരതമാതാവിന്റെ വീരപുത്രന് ആദരാഞ്ജലി അര്‍പ്പിക്കാനാണ് താനിവിടെ എത്തിയതെന്ന് പ്രണബ് മുഖര്‍ജി സന്ദര്‍ശക ഡയറിയില്‍ രേഖപ്പെടുത്തി. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിനൊപ്പമാണ് അദ്ദേഹം സ്മാരകം സന്ദര്‍ശിക്കാനെത്തിയത്.

SHARE