പശുക്കടത്തിന് ദേശദ്രോഹക്കുറ്റം: വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത നടപടി തെറ്റെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇതു സംബന്ധിച്ച് ശരിയായ നടപടികളെടുക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു. പുതിയ പുസ്തകമായ അണ്‍ഡോന്റഡ് സേവിങ് ദ ഐഡിയ ഓഫ് ഇന്ത്യയുടെ പ്രകാശന ചടങ്ങിലായിരുന്നു മുന്‍ ധനമന്ത്രിയുടെ പ്രതികരണം.
ഇതുവരെ പശു സംരക്ഷണത്തിന്റെ പേരില്‍ മധ്യപ്രദേശില്‍ അഞ്ചു പേര്‍ക്കെതിരെ എന്‍.എസ്.എ (നാഷണല്‍ സെക്യൂരിറ്റി ആക്റ്റ്) ചുമത്തപ്പെട്ടിട്ടുണ്ട്. അനധികൃതമായി പശുക്കളെ കടത്തിയ രണ്ടു പേരെയും പശുവിനെ കശാപ്പു ചെയ്തതിന്റെ പേരില്‍ മൂന്നു പേര്‍ക്കെതിരെയുമാണ് എന്‍.എസ്.എ ചുമത്തിയത്. വ്യാഴാഴ്ച മധ്യപ്രദേശിലെ അഗര്‍ മാള്‍വയില്‍ വെച്ച് പശുവിനെ കടത്തിയ മെഹ്ബൂബ് ഖാന്‍, റൊഡുമാല്‍ മാല്‍വിയ എന്നിവരെയും, ഖാണ്ഡ്വ ജില്ലയില്‍ പശുവിനെ കശാപ്പുചെയ്തതിന്റെ പേരില്‍ ശക്കീല്‍, നദീം, അസാം എന്നിവരെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്. പൊതു സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. നടപടിയില്‍ പ്രതിഷേധിച്ച് മുന്‍ മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നസീം ഖാന്‍ രംഗത്തെത്തിയിരുന്നു. കേസില്‍ എന്‍.എസ്.എ ചുമത്തേണ്ടിയിരുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ഉള്‍പ്പെടെയുള്ളവരും പ്രതികരിച്ചു.

SHARE