ന്യൂഡല്‍ഹി: മോദിക്ക് ചൈനയോട് പ്രത്യേക വാത്സല്യമെന്ന് കോണ്‍ഗ്രസ്. പിഎം കെയേഴ്സിലേക്ക് സംഭാവന നല്കിയ ചൈനീസ് കമ്പനികളുടെ പേരെടുത്ത് പറഞ്ഞാണ് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി ബിജെപിയെ കടന്നാക്രമിച്ചത്. രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് ഫണ്ട് സ്വീകരിച്ചുവെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു കോണ്‍ഗ്രസ്.
‘മെയ് 20ലെ കണക്കു പ്രകാരം പിഎം കെയേഴ്സ് ഫണ്ടില്‍ ലഭിച്ചത് 9678 കോടി രൂപയാണ്. ചൈനീസ് സൈന്യം നമ്മുടെ രാജ്യത്തേക്ക് അതിക്രമിച്ചു കയറിയ വേളയിലും പ്രധാനമന്ത്രി ചൈനീസ് കമ്പനികളില്‍ നിന്നു ഫണ്ട് സ്വീകരിച്ചു എന്നത് ഞെട്ടിക്കുന്നതാണ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി നേരിട്ടു ബന്ധമുള്ള വാവേ നല്കിയ ഏഴു കോടി രൂപ മോദി സ്വീകരിച്ചില്ലേ? ടിക്ക് ടോക്ക് 30 കോടി തന്നില്ലേ? 38 ശതമാനം ചൈനീസ് ഉടമസ്ഥാവകാശമുള്ള പേടിഎം 100 കോടി നല്കിയില്ലേ? ചൈനീസ് കമ്പനി ഷവോമി 15 കോടി രൂപ വാഗ്ദാനം ചെയ്തില്ലേ?”- സിങ്വി ചോദിക്കുന്നു.
പി എം കെയേഴ്സിന്റെ വിവരങ്ങള്‍ വ്യക്തമാക്കാനാവില്ലെന്ന് വിവരാവകാശ നിയമപ്രകാരം അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് ഓഡിറ്റ് ചെയ്യാന്‍ സ്വതന്ത്ര ഓഡിറ്റര്‍മാരെ നിയമിച്ചിരുന്നു. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. എല്ലാ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനവും പി എം കെയേഴ്സ് ഇവര്‍ ഓഡിറ്റ് ചെയ്യും. എന്നാല്‍ ഇവര്‍ പിഎം കെയേഴ്സിലേക്ക് 1.59 കോടി രൂപ സംഭാവന നല്കിയ കമ്പനിയാണെന്ന വെളിപ്പെടുത്തല്‍ പുതിയ വിവാദത്തിനും തിരി കൊളുത്തിയിരുന്നു.