പൗരത്വ നിയമത്തെ ന്യായീകരിച്ച് ഗവര്‍ണര്‍, ഗവര്‍ണര്‍ ബി.ജെ.പി വക്താവായി അധഃപതിച്ചെന്ന് കോണ്‍ഗ്രസ്


തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കോണ്‍ഗ്രസ്. പൗരത്വ നിയമ ഭേദഗതി ബില്‍ കോണ്‍ഗ്രസ് സൃഷ്ടിയാണെന്ന ഗവര്‍ണറുടെ കണ്ടുപിടിത്തം വസ്തുതാവിരുദ്ധമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് കെ.സി. ജോസഫ് എം.എല്‍.എ പറഞ്ഞു.

ഗവര്‍ണര്‍ ബി.ജെ.പി. വക്താവായി അധഃപതിച്ചുവെന്നും ബി.ജെ.പിയെ പോലെ ചരിത്രം വളച്ചൊടിക്കാനാണ് ഗവര്‍ണറും ശ്രമിക്കുന്നതെന്നും ജോസഫ് ആരോപിച്ചു.

ദേശീയ പൗരത്വ നിയമ ഭേദഗതിയിലൂടെ ഗാന്ധിയും നെഹ്‌റുവും നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുകയായിരുന്നുവെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. പാകിസ്താനില്‍ ദയനീയ ജീവിതം നയിച്ചവര്‍ക്ക് നല്‍കിയ വാഗ്ദാനം ആയിരുന്നു പൗരത്വം. ഈ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോടാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഗവര്‍ണര്‍ ബി.ജെ.പിയുടെ പി.ആര്‍.ഒയെ പോലെ പ്രവര്‍ത്തിച്ചാല്‍ അദ്ദേഹത്തിന് കേരളത്തില്‍ ലഭിച്ചിരിക്കുന്ന വലിയ സ്വീകാര്യത ഉടന്‍ ഇല്ലാതാവുമെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു.