‘ഇനിയെങ്കിലും പഠിക്കൂ’; സുപ്രീംകോടതിവിധിയില്‍ കേന്ദ്രത്തോട് കോണ്‍ഗ്രസ്

New Delhi: Congress President Rahul Gandhi addresses a press conference at AICC headquarters in New Delhi on Thursday, August 30, 2018. (PTI Photo/Kamal Singh) (PTI8_30_2018_000218A)

ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ പുറത്താക്കിയ നടപടി റദ്ദുചെയ്ത സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഈ വിധിയില്‍ നിന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നടപടിക്കെതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് പാതിരാത്രി ഇറക്കിയ ഉത്തരവ് നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി നിരീക്ഷിക്കുന്നത്. അതേസമയം സിബിഐയെ സംബന്ധിച്ച നയപരമായ തീരുമാനങ്ങള്‍ അലോക് വര്‍മ്മ തീരുമാനമെടുക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും അടങ്ങിയ ഉന്നതാധികാര സമിതിയാണ് സിബിഐ ഡയറക്ടറെ നിശ്ചയിക്കുന്നത്. അലോക് വര്‍മയെ സിബിഐ മേധാവി സ്ഥാനത്ത് നിലനിര്‍ത്തുന്നത് സംബന്ധിച്ച കാര്യത്തിലും ഈ സമിതി തന്നെ അന്തിമ തീരുമാനം എടുക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ ഉന്നതാധികാര സമിതി തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്.

രണ്ട് വര്‍ഷത്തെ കാലാവധി ബാക്കിനില്‍ക്കെ 2018 ഒക്ടോബര്‍ 24 അര്‍ധരാത്രിയില്‍ അപ്രതീക്ഷിത ഉത്തരവിലൂടെയാണ് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മ്മയെ കേന്ദ്രസര്‍ക്കാര്‍ മാറ്റിയത്. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയും ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരെയും ചുമതലകളില്‍ നിന്ന് നീക്കിയതെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ന്യായം.

അതേസമയം റഫാല്‍ കേസില്‍ അലോക് വര്‍മ നടപടിയിലേക്ക് നീങ്ങുന്നത്് മോദിയെ ചൊടിപ്പിച്ചെന്ന ആരോപണം നിലനില്‍ക്കെയായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ അപ്രതീക്ഷിത നീക്കം. എന്നാല്‍ ഈ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അലോക് വര്‍മ്മയുടെ പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹരജിയില്‍ വിധി പറഞ്ഞത്. ചൊവ്വാഴ്ച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അവധി ദിനമാണ്.

സി.ബി.ഐ ഡയറക്ടറെ മാറ്റിയത് റഫാല്‍ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ പ്രാധാന്യവും നേടി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സിബിഐയുടെ മേല്‍നോട്ടം വഹിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസിനെ നേരിട്ട് കടന്നാക്രമിക്കാനുള്ള അവസരമാണ് രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്നത്.