‘മനോഹര്‍ പരീക്കറെ മാറ്റാന്‍ മോദിക്കും അമിത്ഷാക്കും ഭയം’; കോണ്‍ഗ്രസ്

പനാജി: ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരിക്കെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മറ്റാന്‍ അമിത് ഷാക്കും മോദിക്കും ഭയമാണെന്ന്. ഗോവയിലെ കോണ്‍ഗ്രസ്അധ്യക്ഷന്‍ ഗിരീഷ് ചോദാക്കര്‍ പറഞ്ഞു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ പരീക്കര്‍ക്ക് അറിയാമെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പരീക്കറെ മാറ്റിയാല്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുമെന്നും ചോദാക്കര്‍ പറഞ്ഞു. റാഫേല്‍ കരാര്‍ നടക്കുന്ന സമയത്ത് പ്രതിരോധമന്ത്രിയായിരുന്നു പരീക്കര്‍.

തനിക്ക് ഉറപ്പാണ് റഫാല്‍ കരാറുമായി ബന്ധപ്പെട്ടുള്ള നിരവധി വിവരങ്ങള്‍ മനോഹര്‍ പരീക്കര്‍ക്ക് അറിയാം. ആ സമയത്ത് പ്രതിരോധ മന്ത്രിയായിരുന്നു അദ്ദേഹമെന്ന് ചോദാക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് പരീക്കര്‍ തുടരുമെന്ന അമിത്ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ചോദാക്കറുടെ ആരോപണം.

പൂര്‍ണ്ണ ആരോഗ്യത്തോടെ പരീക്കര്‍ എത്രയും വേഗം സുഖം പ്രാപിച്ച് തിരിച്ചു വരണമെന്നാണ് കോണ്‍ഗ്രസിന്റെ പ്രര്‍ത്ഥന. കഴിഞ്ഞ ഏഴ് മാസമായി മന്ത്രിയുടെ അഭാവത്താല്‍ എല്ലാ ഭരണ സംവിധാനങ്ങളും കുത്തഴിഞ്ഞ് കിടക്കുകയാണ്. ഇദ്ദേഹത്തെ കൂടാതെ മറ്റ് രണ്ട് മന്ത്രിമാര്‍ കൂടി ആശുപത്രിയിലാണെന്നും ഇങ്ങനെ പോയാല്‍ താമസിക്കാതെ തന്നെ ഗോവയെ തീവ്ര പരിചരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ടി വരുമെന്നും ചോദാക്കര്‍ പറഞ്ഞു.

അതേസമയം, ഗോവയില്‍ രണ്ടു മന്ത്രിമാര്‍ രാജിവെച്ചു. മന്ത്രിസഭാ പുന: സംഘടനയുടെ ഭാഗമായി നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതി മന്ത്രി പണ്ടുറാംഗ് മദിക്കാര്‍ എന്നിവരാണ് രാജിവെച്ചത്. ഏറെനാളായി ചികിത്സയിലായിരുന്നു ഇരുവരും.

രാജിവെച്ച മന്ത്രിമാര്‍ക്ക് പകരമായി നൈലേഷ് കാബ്രേല്‍, മിലിന്ദ് നായിക് എന്നിവര്‍ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. അതിനിടെ, മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു.

ആഗ്‌നേയഗ്രന്ഥിയിലെ അസുഖവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ് പരീക്കര്‍. നേരത്തെ, സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് പരീക്കര്‍ നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ ഘടകകക്ഷിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെ പരീക്കര്‍ തന്നെ മുഖ്യമന്ത്രിയായി തുടര്‍ന്നാല്‍ മതിയെന്ന് നേതൃത്വം അറിയിക്കുകയായിരുന്നു.

പരീക്കര്‍ ചികിത്സ തുടങ്ങിയതു മുതല്‍ മൂന്ന് പേരടങ്ങിയ അഡ്വൈസര്‍ കമ്മിറ്റിയാണ് ഗോവയിലെ ഭരണകാര്യങ്ങള്‍ തീരുമാനിക്കുന്നത്. പരീക്കറുടെ അഭാവത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചിരുന്നു.