മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി കോണ്‍ഗ്രസ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി കോണ്‍ഗ്രസ്. രാഷ്ട്രീയ കൊറോണ വൈറസ് പരത്തുകയാണ് ബിജെപിയെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്രയും പെട്ടെന്ന് ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കോറോണ വൈറസ് പരന്നുപടിക്കുന്ന സാഹചര്യത്തിലും ബിജെപി സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. ജനങ്ങളെ വിധിക്ക് വിട്ടു കൊടുക്കുകയാണ് ഭരണപാര്‍ട്ടിയായ ബിജെപിയെന്നും കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍മാന്‍ ജിത്തു പട്വാരി പറഞ്ഞു. ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടിയുടെ മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുകയാണ്. ബിജെപി നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യയും ശിവരാജ് സിങ് ചൗഹാനുമൊക്കെ പ്രസംഗിച്ചുനടക്കുകയാണ്. ദിനംപ്രതി രാഷ്ട്രീയ മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുന്ന ഇവര്‍ കൊറോണ വൈറസിനെ നേരിടുന്ന കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചും സാമൂഹിക അകലം പാലിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കഴിയും. മുതിര്‍ന്നവര്‍ക്ക് പ്രത്യേകമായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 25 നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. 23 കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുടെ രാജിയും രണ്ടു എംഎല്‍എമാരുടെ മരണവുമാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചത്.

SHARE