പ്രതിപക്ഷ നേതാക്കള്‍ മൗനം തുടരുമ്പോള്‍ പുല്‍വാമയില്‍ മോദി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന രാഹുലുയര്‍ത്തിയ ചോദ്യങ്ങള്‍

മുംബൈ ഭീകരാക്രമണം നടന്നപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ ചോദ്യം ചെയ്ത് നരേന്ദ്ര മോദി ദേശസ്‌നേഹിയായിരുന്നല്ലോ എന്നാണ് ജയ്‌വീര്‍ ഷെര്‍ഗില്‍ ചോദിച്ചത്

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണം നടന്ന് ഒന്നാം വാര്‍ഷം കഴിഞ്ഞിട്ടും സംഭവത്തോടുള്ള മോദി സര്‍ക്കാരിന്റെ നിരുത്വരവാദിത്തപരമായ സമീപനത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാത്രം. പുല്‍വാമ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് ഇതുവരെ സാധിക്കാത്ത പശ്ചാത്തലത്തില്‍ സംഭവത്തിന്റെ ഒന്നാം വാര്‍ഷകത്തില്‍ മോദി സര്‍ക്കാറിനെതിരെ വന്‍ ആരോപണങ്ങളാണ് ഉയര്‍ന്നത്.

അക്രമത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇനിയും പുറത്തുവരാതിരിക്കെ അതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രക്തസാക്ഷികളായ ജവാന്മാര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ മാത്രമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ചെയ്തത്. എന്നാല്‍ പുല്‍വാമയില്‍ ജീവന്‍ ബലികഴിച്ച 40 സിആര്‍പിഎഫ് ജവാന്മാരെ ഓര്‍മിക്കുമ്പോള്‍ ആര്‍ക്കാണ് ഈ ആക്രമണം കൊണ്ട് ഗുണം കിട്ടിയതെന്ന് ചോദ്യവുമായാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാവിന്റെ ചോദ്യങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ വന്‍ വാദപ്രതിവാദങ്ങളാണ് അരങ്ങേറിയത്.

അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി വെയ്ക്കുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് പുല്‍വാമ ആക്രമണത്തിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ആരാണെന്ന് ബിജെപിയ്ക്ക് നേര്‍ക്ക് ചോദ്യം ഉന്നയിച്ചു. ആക്രമണത്തിന് ഇടയാക്കിയ സുരക്ഷാവീഴ്ചയുടെ പേരില്‍ ആര്‍ക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളതെന്നും കോണ്‍ഗ്രസ് ചോദിച്ചു. ഇതോടെ മോദി സര്‍ക്കാര്‍ പ്രതിരോധത്തിലാവുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയയിലടക്കം ഉണ്ടായത്.

പുല്‍വാമ ആക്രമണത്തിന് ഇരയായ സൈനികരുടെ കുടുംബങ്ങളില്‍ ഭൂരിഭാഗത്തിനും അര്‍ഹമായ ധനസഹായം ലഭിച്ചിട്ടില്ലെന്ന ആരോപണവും പിന്നാലെ പ്രതിപക്ഷം ഉന്നയിച്ചു. വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് പുറത്തു വിടാത്തത് എന്നായിരുന്നു രണ്‍ദീപ് സുര്‍ജേവാലയുടെ ചോദ്യം. കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കുന്ന വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടാത്തതിന്റെ കാരണം സര്‍ക്കാര്‍ പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പുല്‍വാമ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികര്‍ക്ക് ധനസഹായം നല്‍കാനായി ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച 250 കോടി രൂപയുടെ ഭാരത് കേ വീര്‍ ഫണ്ടില്‍ നിന്ന് ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഈ പണം എവിടെ ആരുടെ പോക്കറ്റിലേയ്ക്കാണ് പോയതെന്ന് കോണ്‍ഗ്രസ് വക്താവ് ചോദിച്ചു. ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഫണ്ടിലെ തുക കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെങ്കില്‍ ഈ തുക ആര്‍ക്കാണ് ലഭിച്ചതെന്ന് സര്‍ക്കാര്‍ ഉത്തരം പറയണമെന്നും കോണ്‍ഗ്രസ് വക്താവ് ചോദിച്ചു.
ആക്രമണത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിന്റെ ഫലമെന്താണെന്നും സുരക്ഷാ വീഴ്ചയ്ക്ക് കാരണക്കാരായ ബിജെപി സര്‍ക്കാരില്‍ ആരെയാണ് ഇതുവരെ കുറ്റക്കാരായി കണ്ടെത്തിയതെന്നും രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നു.

എന്നാല്‍ പതിവ് ശൈലിയില്‍ രാഹുലിനെതിരെ രാജ്യദ്രോഹ വാദം ഉന്നയിച്ചും കോണ്‍ഗ്രസിനെതിരെ ഗാന്ധികുടുംബ വാദം ഉന്നയിച്ചുമാണ് ബിജെപി പ്രതികരിച്ചത്. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും തീവ്രവാദ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി തീവ്രവാദ സംഘടനകളായ ലഷ്‌കറെ തോയ്ബയെയും ജയ്‌ഷെ മുഹമ്മദിനെയും അനുകൂലിക്കുന്ന ആളാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. പുല്‍വാമയിലെ രക്തസാക്ഷികള്‍ക്ക് രാജ്യം മുഴുവന്‍ ആദരമര്‍പ്പിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി സര്‍ക്കാരിനെയും സുരക്ഷാ സേനകളെയും ആക്രമിക്കുകയാണെന്നും രാഹുലിന് തീവ്രവാദ സംഘടനകളോടാണ് താത്പര്യമെന്നും ബിജെപി വക്താവ് ജി വി എല്‍ നരസിംഹറാവു പറഞ്ഞു. യഥാര്‍ഥ കുറ്റവാളിയായ പാകിസ്ഥാനെ ഒരിക്കലും കുറ്റപ്പെടുത്താത്തത് രാഹുലിന് നാണക്കേടാണെന്നും ബിജെപി വക്താവ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ജയ്‌വീര്‍ ഷെര്‍ഗില്‍

അതേസമയം, ഇതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. മുംബൈ ഭീകരാക്രമണം നടന്നപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ ചോദ്യം ചെയ്ത് പത്രസമ്മേളനം നടത്തിയ നരേന്ദ്ര മോദി നിങ്ങള്‍ക്ക് ദേശസ്‌നേഹിയായിരുന്നല്ലോ എന്നാണ് കോണ്‍ഗ്രസ് നേതാവ് ജയ്‌വീര്‍ ഷെര്‍ഗില്‍ ചോദിച്ചത്.

‘വോട്ട് സുരക്ഷിതമാക്കുന്നതില്‍ മാത്രമാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ ശ്രദ്ധ. രാജ്യ സുരക്ഷ അവരെ ബാധിക്കുന്നേയില്ല. മുംബൈ ഭീകരാക്രമണത്തിന് ശേഷവും പട്ടാളക്കാരുടെ രാജ്യ സമര്‍പ്പണവും ആത്മത്യാഗവും വാര്‍ത്തസമ്മേളനം വിളിച്ചുചേര്‍ത്തും പോസ്റ്ററുകള്‍ പതിപ്പിച്ചും വോട്ടാക്കി മാറ്റാനാണ് അവര്‍ ശ്രമിച്ചത്’, ഷെര്‍ഗില്‍ പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തെയും ഇത്തരത്തില്‍ ബി.ജെ.പി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പുല്‍വാമ ആക്രമണത്തില്‍ ബിജെപി സര്‍ക്കാറിനെതിരെ ചോദ്യമുന്നയിക്കുന്ന രാഹുല്‍ ഗാന്ധിയെ രാജ്യദ്രോഹിയാകുന്നു. എന്നാല്‍ മുംബൈ ഭീകരാക്രമണ സമയത്ത് സര്‍ക്കാരിനെ ചോദ്യം ചെയ്ത് നരേന്ദ്ര മോദി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. അപ്പോള്‍ അദ്ദേഹത്തെ രാജ്യസ്‌നേഹിയെന്ന് വാഴ്ത്തി. ബിജെപി ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും സൈനികരെ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന നടപടി ബിജെപി സര്‍ക്കാര്‍ അവസാനിപ്പിക്കണെന്നും ജയ്‌വീര്‍ ഷെര്‍ഗില്‍ ആവശ്യപ്പെട്ടു. അതേസമയം പുല്‍വാമ ആരോപണത്തിന് പിന്നാലെ ജയ്‌വീര്‍ ഷെര്‍ഗിലിനെതിരെ വധഭീഷണി ഉയര്‍ന്നതായാണ് വിവരം. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു.