കൊല്‍ക്കത്ത: ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് കടന്നു കയറി സൈനികരെ വകവരുത്തിയ പ്രകോപന നടപടിയില്‍ ചൈനയ്ക്കെതിരെ ഇന്ത്യയില്‍ രോഷം പുകയുകയാണ്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നും പരമാവധി മാറ്റി നിര്‍ത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ചൈനീസ് ഭക്ഷണങ്ങള്‍ റസ്റ്ററന്റുകളില്‍ വിളമ്പരുതെന്ന് കേന്ദ്രമന്ത്രി രാം ദാസ് അത്തേവാല വരെ ആവശ്യമുന്നയിച്ചു.
ഇതിനിടെ ചിലയിടങ്ങളില്‍ ചൈനീസ് ഉത്പന്നങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു. പ്രതിഷേധങ്ങള്‍ക്കിടെ പശ്ചിമബംഗാളിലെ അസന്‍സോളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പറ്റിയ അമളിയാണ് ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറല്‍.
ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍പിങ്ങിന് പകരം ബി.ജെ.പിക്കാര്‍ കത്തിച്ചത് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ കോലം! ബോയ്ക്കോട്ട് ചൈന എന്നെഴുതിയ കോലമാണ് ഇവര്‍ പരസ്യമായി കത്തിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായി. ചൈനീസ് പ്രസിഡണ്ട് കിം ജോങ് ഉന്നിന്റെ കോലം കത്തിക്കുന്നു എന്നാണ് വീഡിയോവില്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാവ് പറയുന്നത്.
തിങ്കളാഴ്ച ലഡാകിലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപത് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനീസ് ഭാഗത്തും ആള്‍നാശമുണ്ടായി. ചര്‍ച്ചകള്‍ക്കു ശേഷവും ഇതുവരെ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനായിട്ടില്ല.