പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും തമ്മില്‍ തര്‍ക്കമുണ്ടെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍. രാജ്യം മുഴുവന്‍ ആ തര്‍ക്കത്തിന്റെ വില നല്‍കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ കാലക്രമത്തില്‍ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറയുമ്പോള്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുന്നു. ശരിക്കും ആരെയാണ് വിശ്വസിക്കേണ്ടത്, ആരാണ് കള്ളം പറയുന്നത് എന്ന് പോലും മനസിലാക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറച്ചുവെക്കാന്‍ അമിത് ഷായും മോദിയും ചേര്‍ന്ന് നടത്തുന്ന കാര്യങ്ങള്‍ ഭരണഘടനയെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തുടനീളം നടപ്പിലാക്കിയാല്‍ അതില്‍ ഒപ്പിടാത്ത ആദ്യത്തെ വ്യക്തി താനായിരിക്കുമെന്ന് ഭൂപേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.