തീരുമാനമായി; 2026 മുതല്‍ ഫുട്‌ബോള്‍ ലോകകപ്പിന് 48 ടീമുകള്‍

സൂറിച്ച്: ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48-ലേക്ക് ഉയര്‍ത്താനുള്ള നിര്‍ദേശം ഫിഫ അംഗീകരിച്ചു. 2026 മുതല്‍ ഈ നിര്‍ണായക മാറ്റം കൊണ്ടുവരുന്നതിനുള്ള പ്രമേയത്തിന് ഫിഫ കൗണ്‍സില്‍ ഐകകണ്‌ഠ്യേനയാണ് അംഗീകാരം നല്‍കിയത്.

ടീമുകളുടെ എണ്ണം 32 ഉയര്‍ത്തിയ 1998 ലോകകപ്പിനു ശേഷം ഇതാദ്യമായാണ് ലോകകപ്പ് വലിയൊരു മാറ്റത്തിന് സാക്ഷിയാവുന്നത്. പുതിയ പദ്ധതി പ്രകാരം പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കുള്ള ടീമുകളുടെ എണ്ണം നാലില്‍ നിന്ന് മൂന്ന് ആയി കുറക്കും. നിലവിലെ എട്ടിനു പകരം 16 ഗ്രൂപ്പുകളാവും ആദ്യ റൗണ്ടില്‍ മത്സരിക്കുക. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം രണ്ടാം റൗണ്ടിലെത്തും.

ടൂര്‍ണമെന്റിലെ ആകെ മത്സരങ്ങളുടെ എണ്ണത്തിലും കാര്യമായ മാറ്റമുണ്ടാവും. 64-ല്‍ നിന്ന് 80 ആയാണ് എണ്ണം വര്‍ധിക്കുന്നത്.