വിമാനം പുറപ്പെടും മുമ്പ് പൈലറ്റുമാര്‍ക്കും ക്യാബിന് ക്രൂ അംഗങ്ങള്‍ക്കും കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിക്കേണ്ടത് നിര്‍ബന്ധമാക്കി എയര്‍ ഇന്ത്യ. പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതോടെ മോസ്കോയിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യവിമാനം തിരിച്ചുവിളിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിര്‍ദേശം.
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി മോസ്കോയിലേക്ക് പുറപ്പെട്ട വിമാനമാണ് രണ്ട് മണിക്കൂര്‍ യാത്രയ്ക്കുശേഷം ഉസ്ബക്കിസ്ഥാന് വ്യോമമേഖലയില്‍ നിന്ന് തിരിച്ചുവിളിച്ചത്. കോവിഡ് പരിശോധനകള്‍ എയല്‍ലൈന്‍സില്‍ ഗൗരവത്തില്‍ തന്നെ നടത്തുന്നുണ്ടെന്ന് എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) ക്യാപ്റ്റന്‍ ആര്.എസ്.സന്ധു സര്‍ക്കുലറില്‍ പറഞ്ഞു. ക്രൂ അംഗങ്ങള്‍ സ്വന്തം പരിശോധനാ ഫലം പരിശോധിച്ച് സ്ഥിരീകരിക്കേണ്ടത് അത്യാവശ്യമാണെന്നും സന്ധു പറഞ്ഞു.