കുടിവെള്ളത്തിന് പോലും കാതങ്ങള്‍ താണ്ടേണ്ട ഒരു ജനത; 21 ദിവസം എങ്ങനെ അടച്ചിട്ടിരിക്കും?

കൊറോണ മഹാമാരിയെ നേരിടുന്നതിന് ഇന്ന് അര്‍ദ്ധരാത്രി 12 മണിയോടെ രാജ്യമൊട്ടാകെ പൂട്ടിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസം വീടിന് പുറത്തിറങ്ങരുതെന്നും വീട് ലക്ഷ്മണരേഖയായി കരുതണമെന്നുമാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. ലോക്ഡൗണ്‍ ദിവസങ്ങള്‍ കര്‍ഫ്യൂവിന് സമാനമായിരിക്കുമെന്നും നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി തന്നെ ഊന്നിപറഞ്ഞിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരും. ഒരുവിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ ഉണ്ടാകില്ലെന്ന് തന്നെയാണ് പ്രധാമന്ത്രിയുടെ വാക്കുകളില്‍ കൂടി വ്യക്തമാകുന്നത്.

രാജ്യത്ത് 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ഈ ദിവസങ്ങളില്‍ സാധാരണക്കാര്‍ എങ്ങനെ ജീവിക്കുമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിക്കാത്തത് രാജ്യത്ത് ആശങ്കയാണ് സൃഷ്ടിക്കുന്നത്. നീണ്ട സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ ക്ഷേമപദ്ധതികളും ഉത്തേജന പ്രക്രിയകളും നടത്തേണ്ടി വരുമെന്നുറപ്പാണ്. ഇപ്പോള്‍ തന്നെ അവതാളത്തിലായ ദിവസവേതന തൊഴിലാളികള്‍ക്ക് കാര്യക്ഷമമായ പാക്കേജുകള്‍ ഇതേവരെ സര്‍ക്കാറുകളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ടുന്ന ഒരു ജനതയാണ് രാജ്യത്തുള്ളത്. സ്ഥിരം ജോലി പോലുമില്ലാത്ത കോടിക്കണക്കിന് ആളുകളുള്ള രാജ്യത്ത് ലോക്ക്ഡൗണ്‍ വരുത്തുന്ന ദുരിതത്തെ മറികടക്കുന്നതിനായി നിലവില്‍ ഒരു പദ്ധതിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. നിലവില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 15000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആരോഗ്യമേഖലയ്ക്ക് മാത്രമാണ്. അതേസമയം കൊറോണ വൈറസില്‍ നഷ്ടം നേരിടുന്ന മറ്റ് മേഖലകളിലെ സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള പാക്കേജുകളൊന്നും മോദി പ്രഖ്യാപിച്ചിട്ടില്ല.  അടിയന്തരമായി പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാത്ത നിലിയില്‍ മറ്റൊരു പ്രതിസന്ധിയായിലേക്കാവും രാജ്യംവന്നെത്തുക.

പ്രതിരോധ നീക്കങ്ങളില്ലാതെയുള്ള പ്രധാനമന്ത്രിയുടെ അര്‍ദ്ധരാത്രി പ്രഖ്യാപനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
കൊറോണ വൈറസ്ബാധക്കെതിരെ ലോക്ക്ഡൗണ്‍ പ്രതീക്ഷിച്ചിരുന്നതായും എന്നാല്‍ പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തില്‍ നിന്നും ഒരുപാട് പ്രതിക്ഷിച്ചിരുന്നതായി കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നിങ്ങളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്താണ് സര്‍ക്കാറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ്, ഗവണ്‍മെന്റിന്റെ തയ്യാറെടുപ്പിലെ അവസ്ഥയെന്താണ്, ദിവസേനയുള്ള കൂലിപ്പണിക്കാരും അവരുടെ പട്ടിണിയും ദരിദ്രരും എങ്ങനെ അതിജീവിക്കും തുടങ്ങിയ ചോദ്യങ്ങളില്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് കോണ്‍്ഗ്രസ് ചോദിച്ചു.
ഈ ചോദ്യള്‍ക്ക് ഉത്തരങ്ങളില്ലാത്തത് ആളുകളെ പരിഭ്രാന്തരാക്കുമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

കൊറോണ വ്യാപനം തടയാന്‍ നമുക്ക് സമയമുണ്ടായിരുന്നെന്നും ഇത് പൂര്‍ണമായും ഒഴിവാക്കാമായിരുവെന്നും രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് പൂര്‍ണമായും ഒഴിവാക്കാനാകുമായിരുന്നു. അതിനാല്‍ താന്‍ അതീവ ദുഖിതനാണ്, നമ്മള്‍ ഈ ഭീഷണിയെ കുറച്ചുകൂടി ഗൗരവത്തോടെ കാണേണ്ടിയിരുന്നു- രാഹുല്‍ ട്വീറ്റ് ചെയ്തു. കൊറോണ ദുരവസ്ഥയെ കുറിച്ചുള്ള സര്‍ക്കാര്‍ ഡോക്ടറുടെ വികാരഭരിതമായ ട്വീറ്റ് പങ്കുവച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

പ്രധാനമന്ത്രി വരും ദിവസങ്ങളില്‍ ആളുകള്‍ എങ്ങനെ വീട്ടിനുള്ളിലുള്ളവര്‍ ജീവിക്കുമെന്നത് ചിന്തിക്കാതെ പോയത് അത്ഭുതകരമായ കാര്യമാണെന്ന് സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ഉയരുന്നുണ്ട്.

പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു, നാമെല്ലാവരും ഇത് പാലിക്കുകയും ഗൗരവമായി കാണുകയും വേണം. എന്നാല്‍ സര്‍ക്കാര്‍ അടിയന്തിരമായി ദരിദ്രര്‍, കുടിയേറ്റ തൊഴിലാളികള്‍, ദൈനംദിന കൂലിപ്പണിക്കാര്‍ എന്നിവര്‍ക്കായി ധന പാക്കേജ് പ്രഖ്യാപിക്കേണ്ടതുണ്ട്. നഗരത്തിലുടനീളം ആളുകള്‍ ഒറ്റപ്പെട്ടിരിക്കാണ്. ഒരു ബസ് സ്റ്റോപ്പില്‍ രാത്രി ചെലവഴിക്കുന്ന ഈ കുടുംബത്തെ ഞാന്‍ കണ്ടെന്നും, ആക്ടിവിസ്റ്റ് ബര്‍ക്ക ദത്ത് ട്വീറ്റ് ചെയ്തു.

അതേസമയം, ഇന്ത്യയിലുടനീളം 21 ദിവസത്തെ ലോക്ക്ഡൗണ്‍ നടപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി, രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ട്വീറ്റ് ചെയ്തു. ലോക്ക്ഡൗണ്‍ നടപ്പിലാക്കിയ ആദ്യത്തെ സംസ്ഥാനങ്ങളില്‍ രാജസ്ഥാനും ഉള്‍പ്പെടുന്നതായും എന്നാല്‍ ഈ കാലയളവില്‍ പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കുകയും അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുകയും ചെയ്യുന്നതായും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

അതേസമയം, 21 ദിവസത്തെ ലോക്ക്ഡൗണ്‍ സമയത്തേക്ക് അവശ്യസേവനങ്ങളില്‍ മുടങ്ങാതിരിക്കാനും ഫലപ്രദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നടപടികളും ആഭ്യന്തര മന്ത്രാലയം ഉടന്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ സംസ്ഥാന സര്‍ക്കാറികളുമായി സഹകരിച്ച് പുതിയ പദ്ധതി ഉടന്‍ ഉണ്ടാവുമെന്നും കേന്ദ്രആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ പൗരന്മാര്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. അവശ്യവസ്തുക്കള്‍, മരുന്നുകള്‍ തുടങ്ങിയവ ലഭ്യമാകും. ഇത് ഉറപ്പാക്കാന്‍ കേന്ദ്രവും വിവിധ സംസ്ഥാന സര്‍ക്കാരുകളും പരസ്പര ഏകോപനത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് മോദിയുടെ ട്വീറ്റ്.

SHARE