മതവികാരം വ്രണപ്പെടുത്തി; ‘മാണിക്യമലരായ പൂവി’..ഗാനത്തിനെതിരെ പൊലീസില്‍ പരാതി

ഹൈദരാബാദ്: റിലീസ് ചെയ്യാനുള്ള മലയാള ചിത്രം ‘അഡാര്‍ ലൗവിലെ’ പ്രണയഗാനത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പരാതി. തെലങ്കാനയില്‍ ഒരു സംഘം മുസ്ലീം യുവാക്കളാണ് ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യര്‍ക്കെതിരെ ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയത്.

ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം അടുത്തിടെയാണ് റിലീസ് ചെയ്തത്. യു ട്യൂബിലടക്കം മണിക്കൂറുകള്‍ക്കുള്ളില്‍ ഹിറ്റായ ഗാനം പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയതാണെന്നാണ് ഉയര്‍ന്നുവന്ന ആരോപണം. ഇത് ചൂണ്ടിക്കാണിച്ച് യുവാക്കള്‍ പൊലീസിന് പരാതി നല്‍കി. ഗാനം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ പ്രവാചക വിരുദ്ധത വ്യക്തമായെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, പരാതി ലഭിച്ച കാര്യം ഹൈദരാബാദ് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികളൊന്നും എടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പരാതിക്കാര്‍ ഇതുവരെ വീഡിയോയോ മറ്റു തെളിവുകളോ ഹാജരാക്കിയിട്ടില്ലെന്നും അതിനാല്‍ തന്നെ പരാതിയില്‍ എഫ്.ഐ.ആറും ഇട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു.