വളരെക്കാലമൊന്നും ആയിട്ടില്ല; നെഹ്‌റുവിനെ കുറിച്ചുള്ള വാജ്പേയിയുടെ പാര്‍ലമെന്റ് പ്രസംഗം പങ്കുവെച്ച് രാമചന്ദ്രഗുഹ

ന്യൂഡല്‍ഹി: ഭരണപരാജയങ്ങള്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പഴിചാരുന്ന ബിജെപിയുടേയും മോദി സര്‍ക്കാറിന്റെയും നിലപാടിന്
വിരുദ്ധമായി നെഹ്റുമായുള്ള ബന്ധത്തെക്കുറിച്ച് വാജ്പേയി സംസാരിക്കുന്ന പഴയ ക്ലിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു.

മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ നേതാവുമായ അടല്‍ ബിഹാരി വാജ്പേയി പാര്‍ലമെന്റില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ ചരിത്രകാരന്‍ രാംചന്ദ്ര ഗുഹയാണ് ഞായറാഴ്ച ട്വിറ്ററില്‍ പങ്കുവെച്ചത്. ഇന്ത്യയില്‍ വിദ്വേഷത്തിന്റോയും പകപോക്കലിന്റെയും രാഷ്ട്രീയം തുടരുന്ന പശ്ചാതലത്തില്‍ നേരത്തെ രാഷ്ട്രീയക്കാര്‍ എങ്ങനെ പെരുമാറി എന്ന് തുറന്നുകാട്ടുന്നതാണ് വീഡിയോ.

1.42 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍, മുന്‍ പ്രധാനമന്ത്രി വാജ്പേയി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായുള്ള ബന്ധത്തെ അനുസ്മരിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ കീഴില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സമയത്ത്് ന്യൂഡല്‍ഹിയിലെ സൗത്ത് ബ്ലോക്കില്‍ (സെക്രട്ടേറിയറ്റ് കെട്ടിടം) നെഹ്റുവിന്റെ ചിത്രം ഉണ്ടായിരുന്നുവെന്ന് വാജ്‌പേയ് പറഞ്ഞു. എന്നാല്‍ ഒരു ദിവസം ആ ഛായാചിത്രം നീക്കം ചെയ്തതായി കണ്ടെത്തി. ഛായാചിത്രം എന്തിനാണ് നീക്കംചെയ്തതെന്ന് താന്‍ അന്വേഷണം നടത്തിയപ്പോഴേക്കും ആ ചിത്രം തിരികെ അതേസ്ഥലത്ത് എത്തുകയാണുണ്ടാതെന്ന്, വാജ്‌പേയ് പറയുന്നതാണ് വീഡിയോ.

കോണ്‍ഗ്രസിലെ എന്റെ സുഹൃത്തുക്കള്‍ എന്നെ വിശ്വസിക്കുന്നില്ലായിരിക്കാം, പക്ഷേ സൗത്ത് ബ്ലോക്കില്‍ നെഹ്രുവിന്റെ ഛായാചിത്രം ഉണ്ടായിരുന്നു, അദ്ദേഹം പറഞ്ഞു. ‘ഞാന്‍ വിദേശകാര്യമന്ത്രിയായപ്പോള്‍, ഒരു ദിവസം ഛായാചിത്രം കാണാനില്ലെന്ന് ഞാന്‍ ശ്രദ്ധിച്ചു.’ ഇത് എവിടെപ്പോയി? ‘എന്ന് ഞാന്‍ ചോദിച്ചു. പ്രതികരണമൊന്നുമില്ല, പക്ഷേ ഛായാചിത്രം വീണ്ടും ചുമരില്‍ പ്രത്യക്ഷപ്പെട്ടു’, വാജ്പേയി പാര്‍ലമെന്റിനോടായി പറഞ്ഞു.

ബിജെപിക്കുള്ളില്‍ നേരത്തെ വിദ്വേഷവും വിരോധവും നിലനിന്നിരുന്നെന്ന് വ്യക്തമാക്കുന്നതാണ് നെഹ്‌റുവിന്റെ ചിത്രം എടുത്തു മാറ്റിയ നടപടി. എന്നാല്‍ വാജ്‌പേയ് അതു അനുവദിച്ചില്ലെന്ന് കാണിക്കുന്നതാണ് വീഡിയോ. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പങ്കിട്ട ട്വീറ്റില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ ഉള്‍പ്പെടെ പതിനായിരത്തോളം റീട്വീറ്റുകളും ലക്ഷക്കണക്കിന് കാഴ്ചകാരുമാണുള്ളത്. ഇങ്ങനെയൊരു പ്രധാനമന്ത്രിയും ബിജെപിക്ക് ഉണ്ടായിരുന്നു, വളരെക്കാലമൊന്നും ആയിട്ടില്ല, എന്ന് കുറിച്ചാണ് അധിക ട്വീറ്റുകളും.

പാര്‍ലമെന്റില്‍ നെഹ്റു ജിയുമായി താന്‍ ന്യായമായ വാദങ്ങളും നടത്തിയിരുന്നെന്നും, വാജ്പേയി പറഞ്ഞു. ”പുതിയ ആളായിരുന്നു ഞാന്‍ അദ്ദേഹത്തിന് പുറകിലായിരുന്നു ഇരിക്കാറുണ്ടായിരുന്നത്. അദ്ദേഹത്തോട് സംസാരിക്കാനുള്ള അവസരം ലഭിക്കാന്‍ വാക്കൗട്ട് നടത്തിയിരുന്നു. പതുക്കെ, കാലക്രമേണ, ഞാന്‍ എനിക്കായി ഒരു ഇടവും പേരും ഉണ്ടാക്കി, വാജ്‌പേയ് പറഞ്ഞു.’ എനിക്ക് നെഹ്രുവുമായി വിയോജിപ്പുണ്ടായിരുന്നില്ല എന്നല്ല. ചര്‍ച്ചകള്‍ക്കിടെ ഈ അഭിപ്രായവ്യത്യാസങ്ങള്‍ ശക്തമായി പുറത്തുവന്നിരുന്നു. നെഹ്റുവിന്റെ വ്യക്തിത്വത്തെയും സ്വഭാവത്തെയും’ ചര്‍ച്ചിലിന്റെയും ചേംബര്‍ലെയ്‌ന്റെയും മിശ്രിതം ‘എന്ന് ഞാന്‍ വിശേഷിപ്പിച്ചിരുന്നു. ഏറ്റവും വിവാദങ്ങളില്‍പ്പെട്ട രണ്ട് ലോക നേതാക്കളുമായി താരതമ്യപ്പെടുത്തിയിട്ടും, നെഹ്റുവിന് ദേഷ്യം വന്നില്ലെന്ന് വാജ്പേയി ഓര്‍ത്തു. അന്ന് വൈകുന്നേരം ഒരു വിരുന്നില്‍വെച്ച് നെഹ്‌റുവിനെ കണ്ടെന്നും ‘നിങ്ങള്‍ ഇന്ന് നല്ലൊരു പ്രസംഗമാണല്ലോ നടത്തിയെന്ന് അദ്ദേഹം എന്നോട് പറഞ്ഞെന്നും, ചിരിച്ചുകൊണ്ട് സഭയോട് വാജ്പേയി പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ അര്‍ത്ഥമാക്കുന്നത് ശത്രുത വളര്‍ത്തുക എന്നാണ്. ആളുകള്‍ നിങ്ങളോട് സംസാരിക്കുന്നത് നിര്‍ത്തുമെന്നും, വാജ്പേയി കൂ്ട്ടിച്ചേര്‍ത്തു.