മലപ്പുറം; ‘ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല.. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ’. മണിക്കൂറുകള്‍ക്കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായ ഫായിസിന്റെ വാക്കുകള്‍ പരസ്യ വാചകമാക്കിയിരിക്കുകയാണ് നിരവധി കമ്പനികള്‍.മില്‍മ പോലെയുള്ള കമ്പനികളാണ് ഫായിസിന്റെ വാചകങ്ങള്‍ പരസ്യ വാചകമാക്കിയിരിക്കുന്നത്. എന്നാല്‍ പരസ്യ വാചകങ്ങള്‍ക്ക് ലക്ഷങ്ങള്‍ ചിലവാക്കുന്ന മില്‍മ പോലെയുള്ള കമ്പനികള്‍ കുഞ്ഞ് ഫായിസിന്റെ വാക്കുകള്‍ മോഷ്ടിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
ഫായിസ് ദ കോപ്പി റെറ്റര്‍ എന്ന ഹാഷ്ടാഗില് സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാമ്പയിനാണ് നടക്കുന്നത്. പേറ്റന്റ്, ബൗദ്ധിക സ്വത്തവകാശം എന്നിങ്ങനെയൊന്നും കേട്ടിട്ടില്ലാത്തവരാണ് ഇങ്ങനെ കച്ചവട പരസ്യങ്ങള്‍ തള്ളി മറിക്കുന്നതെങ്കില് അവരെ തിരുത്തിക്കാന്‍ സര്‍ക്കാരിനും പൊതുസമൂഹത്തിനും ബാധ്യതയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ വ്യക്തമാക്കുന്നത്.
ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല.. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ’. പൂവ് എങ്ങനെയുണ്ടാക്കാമെന്ന് തന്റെ കുഞ്ഞ് വ്ളോഗിലൂടെ വളരെ വിശദമായി പറഞ്ഞു തന്ന ഫായിസിനെ വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
എത്രയൊക്കെ കഠിനാധ്വാനം ചെയ്തിട്ടും ജീവിതത്തില്‍ ഒരു വിജയവും കൈവരിക്കാന്‍ സാധിക്കുന്നില്ലെന്ന് വിഷമിച്ചിരിക്കുന്നവരാണ് നമ്മളില്‍ അധികപേരും. ഒറ്റ ശ്രമത്തില്‍ വിജയം ആഗ്രഹിക്കുന്ന പലരും ചെറുപ്പത്തില്‍കേട്ട ചിലന്തിയുടെ കഥപോലും മറന്ന് ആദ്യ പരാജയം കൊണ്ട്തന്നെ എല്ലാം ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ അങ്ങനെ സെന്റി അടിച്ചു ജീവിതം കുളമാക്കുന്നവര്ക്ക് ഇവനെക്കാള്‍ വലിയൊരു മോട്ടിവേറ്റര്‍ ഇല്ലെന്ന തലക്കെട്ടോടെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഫായിസിന്റെ വീഡിയോ പ്രചരിച്ചത്.