കോവിഡ്: ഇന്ത്യയില്‍ സാമൂഹിക വ്യാപനം ആരംഭിച്ചു- മുന്നറിയിപ്പുമായി വൈറോളജിസ്റ്റ് ഡോ.ജേക്കബ് ജോണ്‍

ചെന്നൈ: കോവിഡ് മഹാമാരിയുടെ സാമൂഹിക വ്യാപനം ഇന്ത്യയില്‍ ആരംഭിച്ചതായി വിഖ്യാത വൈറോളജിസ്റ്റും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് പ്രൊഫസറുമായ ഡോ. ടി ജേക്കബ് ജോണ്‍. വ്യാപനം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ട സമയമായി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക വ്യാപനം മാര്‍ച്ച് മദ്ധ്യത്തില്‍ തന്നെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈയിടെ ചെന്നൈയിലും കൊല്‍ക്കത്തിയിലും ഉണ്ടായ രണ്ടു മരണങ്ങള്‍ കോവിഡ് ബാധിതരുമായി ഒരു തരത്തിലും സമ്പര്‍ക്കം നടത്താത്ത ആളുകളായിരുന്നു. അറിയാത്ത രോഗികള്‍ ഉണ്ട് എന്നര്‍ത്ഥം- അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്നു മാസം കൊണ്ടാണ് ഇന്ത്യ അമ്പതിനായിരം കേസുകളില്‍ എത്തിയത്. ഇത് വലിയ കേസുകളിലെ ഒരു ഭാഗം മാത്രമാണ്. വലിയ കേസുകള്‍ എത്രയാണ് എന്ന് നമുക്കറിയില്ല. പ്രത്യേക പഠനം നടത്താതെ വൈറസ് ബാധയുടെ യഥാര്‍ത്ഥയുടെ ഭാരം അറിയാനാകില്ല. നമ്മള്‍ വളരെ കുറച്ച് പരിശോധനകള്‍ മാത്രമാണ് നടത്തിയിട്ടുള്ളത്. ഒരുപക്ഷേ പത്തു ശതമാനം മാത്രം- അദ്ദേഹം ചൂണ്ടിക്കാട്ടി.

ലക്ഷണങ്ങള്‍ ഉണ്ടാവില്ല എന്നതാണ് ഈ മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളി. ആഗോള തലത്തില്‍ തന്നെ എണ്‍പത് ശതമാനം രോഗികള്‍ക്കും ലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ല. അഞ്ചു ശതമാനം പേര്‍ക്ക് ചെറുലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂ. സാര്‍സ് കോവ് -2 ബാധ ജനം ചിന്തിക്കുന്ന പോലെ അത്രയും അപകടകാരിയല്ല. അഞ്ചു ശതമാനം മാത്രമാണ് അസുഖത്തിന്റെ മരണനിരക്ക്. ഹൃദയ-ശ്വാസകോശ-കരള്‍ സംബന്ധമായ അസുഖമുള്ളവരും പ്രായമായവരുമാണ് കൂടുതലും മരിക്കുക. ഇന്ത്യന്‍ജനസംഖ്യയില്‍ ഭൂരിഭാഗവും യുവാക്കളായതു കൊണ്ട് മിക്കവരും സുരക്ഷിതരാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡിനെ നേരിടാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളെ തമസ്‌കരിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ മൂന്നോ നാലോ ദിവസം നല്‍കേണ്ടിയിരുന്നു. അതുണ്ടായില്ല- അദ്ദേഹം പറഞ്ഞു.