കേരളത്തില്‍ സാമൂഹിക വ്യാപനമോ?; ഉറവിടമറിയാതെ രോഗികള്‍

കണ്ണൂര്‍: കേരളത്തില്‍ ഉറവിടമറിയാതെ കോവിഡ് രോഗികള്‍ പെരുകുന്നു. രോഗം ബാധിച്ചത് എവിടെ നിന്നെന്ന് അറിയാതെ സംസ്ഥാനത്ത് 9 പേരുണ്ട്. സംസ്ഥാനത്ത് പ്രവാസികളുടെ മടങ്ങിവരവ് ആരംഭിച്ചതിനു ശേഷം 50 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇത് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. ഇതില്‍ 9 പേര്‍ക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്നതില്‍ വ്യക്തതയില്ല. കേരളത്തിലെ ആദ്യഘട്ട രോഗവ്യാപനം നിയന്ത്രണ വിധേയമാക്കിയെന്ന വിലയിരുത്തലിന് ശേഷവും ഉറവിടമില്ലാത്ത രോഗബാധ ഉണ്ടാകുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. സമ്പര്‍ക്ക രോഗികളില്‍ 14 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നത് ഗൗരവം ജനിപ്പിക്കുന്നതാണ്.

സംസ്ഥാനത്ത് കഴിഞ്ഞ 15 ദിവസം കൊണ്ട് സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം അമ്പതായി. കേരളത്തില്‍ നിന്ന് പോയ രണ്ട് പേര്‍ക്ക് തിങ്കളാഴ്ച തമിഴ്‌നാട്ടില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി ഇതിനോടകം തന്നെ കേരളത്തില്‍ നിന്ന് പോയ എട്ട് പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് പോകുന്നവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നതും തുടരുകയാണ്. ഇവരുടെ രോഗത്തിന്റെ ഉറവിടം ഏതാണെന്നും കേരളത്തിന്റെ ആശങ്കയായി തുടരുകയാണ്.

കണ്ണൂരില്‍ ധര്‍മടത്ത് ഒരു വീട്ടില്‍ എട്ടു പേര്‍ക്ക് കൊവിഡ് ബാധിച്ചതിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഇതില്‍ വീട്ടമ്മയ്ക്ക് ആദ്യം രോഗം സ്ഥിരീകരിക്കുകയും തിങ്കളാഴ്ച മരിക്കുകയും ചെയ്തു. രോഗബാധിത മേഖലയില്‍ എവിടെയും പോയിട്ടില്ലാത്ത സ്ത്രീയ്ക്ക് രോഗബാധ ഉണ്ടായത് ഉറവിടമേതെന്ന് അറിയല്‍ പ്രയാസമാക്കി. രണ്ട് ദിവസം കഴിഞ്ഞാണ് അവരുടെ ഭര്‍ത്താവിന് രോഗം കണ്ടെത്തിയത്. ഭര്‍ത്താവ് തലശ്ശേരിയില്‍ മീന്‍വ്യാപാരിയാണ്. ഇദ്ദേഹത്തില്‍ നിന്നാകും ഭാര്യയ്ക്ക് പകര്‍ന്നതെന്നിപ്പോള്‍ ഉള്ള വിലയിരുത്തല്‍. ഇതേവീട്ടിലെ മൂന്ന് പേര്‍ക്ക് ഞായറാഴ്ചയും മൂന്നുപേര്‍ക്ക് തിങ്കളാഴ്ചയും രോഗം കണ്ടെത്തി.

രോഗം എവിടെ നിന്ന് പകര്‍ന്നതെന്ന് അറിയാതെ പോസിറ്റീവ് കേസുകള്‍ ആവര്‍ത്തിക്കുന്നത് കണ്ണൂരില്‍ സാമൂഹിക വ്യാപന ഭീഷണി ഉയര്‍ത്തുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ക്ക് കൊവിഡ് പോസിറ്റീവായതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ചെറുപുഴയില്‍ കേസില്‍ പ്രതിയായ ആള്‍ ഒന്നരമാസം ഒളിവില്‍ കഴിഞ്ഞശേഷമാണ് കീഴടങ്ങിയത്. കോടതി റിമാന്‍ഡ് ചെയ്തശേഷം ജയിലില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അയ്യന്‍കുന്ന് പഞ്ചായത്തിലെ ആദിവാസി യുവതി പ്രസവത്തിനായി ചികിത്സയിലിരിക്കെ കൊവിഡ് പോസിറ്റീവായതാണ് ഉറവിടം സംശയിക്കാനുള്ള മറ്റൊരു സംഭവം.

SHARE