ഇരുട്ടടി; കമ്യൂണിറ്റി കിച്ചണിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഓണറേറിയം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍

കക്കോടി: കോവിഡ് കാലത്തെ ഭക്ഷണ പ്രതിസന്ധി മറികടക്കാന്‍ ആരംഭിച്ച സംസ്ഥാനത്തെ 1200ഓളം കമ്യൂണിറ്റി കിച്ചണില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഓണറേറിയം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാന സ്‌പെഷല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് കമ്യൂണിറ്റി കിച്ചണിലെ പ്രവര്‍ത്തനത്തിന് ഓണറേറിയം നല്‍കേണ്ടെന്ന് പറയുന്നത്. രണ്ടര ലക്ഷത്തോളം പേര്‍ക്ക് ദിനംപ്രതി ഭക്ഷണം നല്‍കുന്ന സംവിധാനമായ കമ്യൂണിറ്റി കിച്ചനില്‍ ആയിരക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകരാണ് ജോലി ചെയ്യുന്നത്.

കുടുംബശ്രീ അംഗങ്ങളെ വളണ്ടിയര്‍മാരായോ തൊഴിലാളികളായോ ആയിരുന്നു നിയോഗിച്ചത്. കിച്ചണിലേക്ക് തീരുമാനിക്കപ്പെട്ടവര്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ തയാറുള്ളവര്‍ മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ എന്നാണ് സ്‌പെഷ്യല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നത്. തൊഴിലുറപ്പ് വേതനമെങ്കിലും പ്രതീക്ഷിക്കപ്പെട്ടിടത്താണ് ഇരുട്ടടി പോലെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്.

നൂറ്റമ്പത് പേര്‍ക്ക് തയാറാക്കുന്ന ഭക്ഷണത്തിന് മൂന്നു പേരെ വരെയും അതില്‍ കൂടുതലുള്ള നൂറു പേര്‍ക്ക് ഒരാള്‍ എന്ന ക്രമത്തിലും ജോലിക്കാരെ നിയോഗിക്കാവുന്നതാണ് എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ ആവശ്യമായ പ്രവര്‍ത്തകരെ നിയോഗിച്ചിരുന്നത്.

കമ്യൂണിറ്റി കിച്ചണ്‍ നടത്തിപ്പിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വര്‍ധിച്ച ചെലവാണ് വന്നുചേരുന്നതെന്നു എന്ന വിലയിരുത്തലുണ്ടായിരുന്നു. ഇതു പ്രകാരം ചെലവിനുള്ള തുക സ്‌പോണ്‍സര്‍ഷിപ് മുഖേനയോ സംഭാവന വഴിയോ കണ്ടെത്താവുന്നതാണ് എന്നും അല്ലാത്ത പക്ഷം തനതുഫണ്ടില്‍നിന്ന് ചെലവാക്കാവുന്നതാണെന്നും ഉത്തരവിലുണ്ടായിരുന്നു.

കോവിഡിനെ നേരിടുന്നതിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഭക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കമ്യൂണിറ്റി കിച്ചനുകള്‍ സ്ഥാപിച്ചിരുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കുടുംബശ്രീയുമായി സഹകരിച്ചാണ് ഇവ നടത്തുന്നത്.