സുന്ദര ദിവസങ്ങള്‍

ഗോള്‍ഡ് കോസ്റ്റ്: കനത്ത സുരക്ഷയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഓസ്‌ട്രേലിയന്‍ തീരദേശ നഗരമായ ഗോള്‍ഡ് കോസ്റ്റില്‍ ആരംഭിക്കുന്നു. ഇന്ത്യ ഉള്‍പ്പെടെ മുഴുവന്‍ കോമണ്‍വെല്‍ത്ത്് രാജ്യങ്ങളിലെയും കായിക താരങ്ങള്‍ പങ്കെടുക്കുന്ന ഗെയിംസിന്റെ മാര്‍ച്ച്് പാസ്റ്റ് ഇന്ത്യന്‍ സമയം ഉച്ചക്ക് മൂന്നിന് ആരംഭിക്കും. ആറ് ലക്ഷത്തോളം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന ഗെയിംസ് കാലത്ത് സുരക്ഷക്കാണ് വന്‍ മുന്‍ത്തൂക്കം. കഴിഞ്ഞ ദിവസം ഓസീസ് നഗരമായ ബ്രിസ്‌ബെനിലെ ഒരു കാറിന് സമീപം നാടന്‍ ബോംബ് കണ്ടെടുത്തതോടെയാണ് ഓസ്‌ട്രേലിയന്‍ ഭരണകൂടം സുരക്ഷയില്‍ വന്‍ ജാഗ്രതക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗെയിംസിന് സുരക്ഷാ ഭീഷണിയില്ലെന്നാണ് സംഘാടകരും പ്രാദേശിക പൊലീസും വ്യക്തമാക്കുന്നത്. എന്നാല്‍ മൂവായിരത്തോളം കായിക താരങ്ങളും ധാരാളം മാധ്യമ പ്രവര്‍ത്തകരും സഞ്ചാരികളുമെല്ലാം സംബന്ധിക്കുന്ന മേളയില്‍ അനിഷ്ട സംഭവങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. 3,500 പൊലീസിനെയും രണ്ടായിരത്തോളം വരുന്ന സൈനീകരെയുമാണ് ഗെയിംസ് കാലയളവില്‍ ഗോള്‍ഡ് കോസ്റ്റിലും സമീപസ്ഥങ്ങളിലും വിന്യസിച്ചിരിക്കുന്നത്. ഗോള്‍ഡ് കോസ്റ്റിനെ കൂടാതെ ക്യൂന്‍സ്‌ലാന്‍ഡിലെ മറ്റ് മല്‍സര വേദികളായ ബ്രിസ്‌ബെന്‍, കെയിന്‍സ്, ടൗണ്‍സ്വില്‍ എന്നിവിടങ്ങളില്‍ സുരക്ഷാ ചുമതല സ്വകാര്യ ഏജന്‍സികള്‍ക്കും നല്‍കിയിട്ടുണ്ട്.

SHARE