അഹ്മദാബാദ്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതു കാരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിട്ടില്ലെന്ന ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാക്ക് സ്വന്തം മണ്ഡലമായ അഹ്മാദാബാദില്‍ വരാന്‍ ധൈര്യമുണ്ടോ എന്ന് സാധാരണക്കാരന്റെ വെല്ലുവിളി. ഗുജറാത്ത് സ്വദേശിയായ കല്‍പേഷ് ഭാട്ടിയ മോദി, സെല്‍ഫി വീഡിയോ വഴി ട്വിറ്ററിലൂടെ നടത്തിയ വെല്ലുവിളി വൈറലായിരിക്കുകയാണ്.
വെല്ലുവിളിച്ച് സാധാരണക്കാരന്‍
60-നു മുകളില്‍ പ്രായം തോന്നിക്കുന്ന കല്‍പേഷ് മോദി വീഡിയോയില്‍ പറയുന്നത് ഇങ്ങനെ:
‘മായാവതി, മുലായം, രാഹുല്‍ ഗാന്ധി, കെജ്‌രിവാള്‍ എന്നിവരെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അമിത് ഷായുടെ പ്രസ്താവന കേട്ടു. അമിത് ഷാ, താങ്കളോട് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുകയാണ് – സാധാരണക്കാരന് വേണ്ടി സംസാരിക്കാന്‍ ആര്‍ക്കും അവകാശമില്ലേ?
ഞാനൊരു വെല്ലുവിളി നടത്തുകയാണ്. താങ്കള്‍ നാരന്‍പുരയിലെ വിജയനഗര്‍ റോഡില്‍ താമസിച്ചിരുന്ന ആളാണ്. ഞാനും അവിടെ താമസിച്ചിരുന്ന ആളാണ്. നാരന്‍പുരയില്‍ നിന്നും നവരംഗ് പുരയില്‍ നിന്നുമൊക്കെ വോട്ടുനേടിയാണ് താങ്കള്‍ ജയിച്ചത്. കമാന്‍ഡോ ഇല്ലാതെ താങ്കള്‍ ഇന്ന് അവിടെ വരൂ. കമാന്‍ഡോ ഇല്ലാതെ സ്വന്തം മണ്ഡലത്തില്‍ തന്നെ ചുറ്റിക്കറങ്ങൂ. നാരന്‍പുരയിലെയും നവരംഗ്പുരയിലെയും പൊതുജനങ്ങള്‍ നിങ്ങളെ ഉടുതുണിയില്ലാതെ ഓടിക്കും സാബ്… താങ്കള്‍ ഇത്രയും ക്രൂരത ചെയ്യരുത്.’
‘ഇത്തവണ സ്ത്രീകളോടു കൂടിയാണ് താങ്കള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. പാവപ്പെട്ടവരായാലും മിഡില്‍ ക്ലാസ് ആയാലും സ്ത്രീകള്‍ എന്തിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയുമെല്ലാം നോട്ട് എടുത്തുവെക്കുന്നത് എന്ന് താങ്കള്‍ക്കറിയുമോ? തന്റെ കുട്ടികള്‍ക്കും വീട്ടിലുള്ളവര്‍ക്കും നട്ടപ്പാതിരക്ക് അസുഖം വന്നാല്‍ ഉപയോഗിക്കാനുള്ളതാണ് അവര്‍ക്കത്. എന്നാല്‍ താങ്കളുടെ മണ്ടത്തരം കാരണം അവരെല്ലാം അവിടെ ക്യൂവില്‍ നില്‍ക്കുകയാണ്. ഇത്രയും വലിയ വിഡ്ഢിത്തം ചെയ്യരുത്. ഈ ജനങ്ങള്‍ക്ക് പലതും ചെയ്യാനാകും.’
Aam Aadmi from Ahmedabad challenges @AmitShah to visit his constituency in Ahmedabad without security before giving out ignorant statements. pic.twitter.com/8X9E1WpUMF
— Truth Of Gujarat (@TruthOfGujarat) November 12, 2016