ഉന്നാവോയില്‍ വീണ്ടും കൂട്ടബലാത്സംഗം; പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച യുവതിക്ക് നേരെ ആസിഡാക്രമണം

ലക്‌നോ: ഉന്നാവോയില്‍ കൂട്ടബലാത്സംഗംത്തിനിരായ യുവതിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കത്തിച്ചുകൊന്ന വാര്‍ത്തക്കുപിന്നാലെ വീണ്ടും പീഡന റിപ്പോര്‍ട്ടുകള്‍. ഉന്നോവോയിലെ ബുലന്ദ് ശഹറില്‍ 14 വയസുകാരിയെ ബലാത്സംഗത്തിനരയാക്കിയതായാണ് പരാതി. പ്രതികള്‍ പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നാലു പേര്‍ അറസ്റ്റിലായതായാണ് വിവരം.

ഇതിനിടെ, ഉത്തര്‍പ്രദേശില്‍ ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച യുവതിക്ക് നേരെ പ്രതികള്‍ ആസിഡ് ആക്രമണം നടത്തി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ യുവതിയെ മീററ്റിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ബലാത്സംഗ ഇരയായ 30 കാരി പരാതിയുമായി പൊലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് യുവതി നേരിട്ട് കോടതിയെ സമീപക്കുകയായിരുന്നു. ഇതോടെയാണ് പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതികള്‍ രംഗത്തെത്തി അക്രമം നടത്തിയത്. തെളിവുകളുടെ അഭാവത്തില്‍ യുവതിയുടെ പരാതിയിന്മേലുള്ള അന്വേഷണം പൊലീസ് അവസാനിപ്പിച്ചിരുന്നു.

ഉന്നാവില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 90ലധികം പീഡനകേസുകളും 185 ലൈംഗിക അതിക്രമകേസുകളുമാണ്. മാഖി ഗ്രാമത്തില്‍ മൂന്ന് വയസുകാരിയും ബുലന്ദ് ശഹറില്‍ 14 വയസ്‌കാരിയും പീഡനത്തിന് ഇരയായാതാണ് അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങള്‍. ബിഹാറിലും അഞ്ച് വയസുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി.