യു.എ.പി.എ കേസില്‍ പ്രതിയായ അലന്‍ ഷുഹൈബിനെ കോളേജില്‍ നിന്ന് പുറത്താക്കി

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനെ കോളേജില്‍ നിന്നും പുറത്താക്കി. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പാലയാട് ലോ കോളേജില്‍ നിന്നുമാണ് അലനെ പുറത്താക്കിയത്. തുടര്‍ച്ചയായി കോളേജില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.

കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാടുളള സ്‌കൂള്‍ ഓഫ് ലീഗല്‍ സര്‍വ്വീസില്‍ ബി.എ എല്‍.എല്‍.ബി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അലന്‍ ഷുഹൈബ്. അലനെ കോളേജില്‍ നിന്നും പുറത്താക്കുന്നതായി കാണിച്ച് മാതാവ് സബിതക്ക് വകുപ്പ് മേധാവിയാണ് രേഖാമൂലം അറിയിപ്പ് നല്‍കിയത്. കോഴ്‌സിന്റെു നിയമാവലി അനുസരിച്ച് പതിനഞ്ച് ദിവസം തുടര്ച്ച യായി കോളേജില്‍ ഹാജരാകാതിരുന്നതിനാലാണ് പുറത്താക്കല്‍ നടപടിയെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.

കഴിഞ്ഞ നവംബര്‍ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി.പി.എം പ്രവര്‍ത്തകനായ അലന്‍ ഷുഹൈബിനെയും സുഹൃത്ത് താഹാ ഫസലിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ എന്‍.ഐ.എ ആണ് കേസ് അന്വേഷിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരായിട്ടുപോലും ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് അലന്റെ പഠനം മുടക്കുന്ന നടപടി സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

SHARE