കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അതിരാഷ്ട്രീയതക്കും അരാഷ്ട്രീയതക്കുമെതിരെ വിധിയെഴുതുക : എം.എസ്.എഫ്

കോഴിക്കോട് : കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ നടക്കുന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അതിരാഷ്ട്രീയതക്കും അരാഷ്ട്രീയതക്കുമെതിരെ വിധിയെഴുതി എം.എസ്.എഫ് മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജന.സെക്രട്ടറി എം.പി നവാസ് എന്നിവര്‍ വിദ്യാര്‍ത്ഥി സമൂഹത്തോട് ആവശ്യപ്പെട്ടു.

ഭരണത്തിന്റെ തണലില്‍ ഉന്നത സര്‍വകലാശാലകളില്‍ സംഘ് പരിവാര്‍ അമിതമായ രാഷ്ട്രീയ ഇടപെടല്‍ നടത്തി രാജ്യത്തെ അക്കാദമിക കേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ സമാനമായ രൂപത്തില്‍ തന്നെ ഇടതു ഭരണകൂടവും എസ്.എഫ്.ഐയും കേരളത്തിലെ സര്‍വകലാശാലകളും അക്കാദമിക കേന്ദ്രങ്ങളും രാഷ്ട്രീയ വത്കരിക്കുകയാണ്. സര്‍വകലാശാലകളുടെയും സര്‍വ്വോപരി പി.എസ്.സിയുടെയും വിശ്വാസ്യത നഷ്ടപ്പെടുത്തി എസ്.എഫ്.ഐക്കാര്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും കോപ്പി അടിക്കാനും ക്രമവിരുദ്ധമായ ഇടപെടലുകള്‍ക്കും അവസരമൊരുക്കി ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെയും ഉദ്യോഗാര്‍ഥികളെയുമാണ് സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുന്നത്.

രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ട കാമ്പസുകളില്‍ ആശയ പ്രചാരണത്തെ ഭയന്ന് വ്യപകമായ ആക്രമണങ്ങളാണ് എസ്.എഫ്.ഐ അഴിച്ചു വിടുന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും രക്ഷയില്ലാത്ത സാഹചര്യം ആണ് നിലവിലുള്ളത് . അക്രമ രാഷ്ട്രീയത്തെയും വര്‍ഗീയതയെയും വ്യാജ പ്രചാരണങ്ങളെയും പാര്‍ട്ടിവത്കരണത്തെയും പ്രബുദ്ധത കൊണ്ട് പ്രതിരോധിച്ചു കാമ്പസുകളെ വിദ്യാര്‍ത്ഥി സൗഹൃദമാക്കാന്‍ എം.എസ്.എഫ് മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചു.