ശീതീകരിച്ച ആഹാരത്തില്‍ നിന്ന് കോവിഡ് പകരില്ലെന്ന് ലോകാരോഗ്യ സംഘടന


ബെയ്ജിങ്: ശീതീകരിച്ച ആഹാര സാധനങ്ങളിലൂടെ കൊറോണ വൈറസ് പടരില്ലെന്ന് ലോകാരോഗ്യ സംഘടന. ഭക്ഷണ സാധാനം കൈകാര്യം ചെയ്യുന്നതോ കഴിക്കുന്നതിനോ കോവിഡുമായി ബന്ധമില്ല. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് തുമ്മല്‍, ചുമ, സംസാരം, ശ്വസിക്കല്‍ എന്നിവയില്‍ കൂടി മാത്രമേ വൈറസ് പടരുകയുള്ളൂവെന്നും വിദഗ്ധര്‍ പറയുന്നു.

ലോകത്തെ പലയിടങ്ങളില്‍ നിന്ന് ആഹാര സാധനങ്ങളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് ലോകാരോഗ്യ സംഘടന വിശദീകരണവുമായി രംഗത്തെത്തിയത്. ആഹാര സാധനങ്ങള്‍ കൈകാര്യം ചെയ്തിരുന്നവരില്‍ ആര്‍ക്കെങ്കിലും കോവിഡ് ഉണ്ടായിരുന്നിരിക്കാം. അവരില്‍ നിന്നാകാം വൈറസ് ഇവയില്‍ എത്തിയതെന്നും വിദഗ്ധര്‍ പറയുന്നു.

മൈനസ് 20 ഡിഗ്രിയില്‍ രണ്ടു വര്‍ഷം വരെ കൊറോണ വൈറസ് നിലനില്‍ക്കാമെന്ന് ശാസ്ത്രജ്ഞര്‍ നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ശീതീകരിച്ച ആഹാരത്തിലൂടെ വൈറസ് പകരുമെന്നതിന് വ്യക്തമായ തെളിവുകളില്ലെന്ന് ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും പറയുന്നു. ജനങ്ങള്‍ ആഹാരത്തെയോ ശീതീകരിച്ച ആഹാരസാധനങ്ങളെയോ പേടിക്കേണ്ട കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തരവിഭാഗം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്ത പ്രസ്താവനയിലൂടെയും ഇക്കാര്യം അറിയിച്ചു.

SHARE