പോളണ്ടിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കൊളംബിയ

മോസ്‌കോ: പോളണ്ടിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കൊളംബിയ തങ്ങളുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. കളിയുടെ തുടക്കത്തില്‍ അര മണിക്കൂര്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മികച്ച പോരാട്ടം കാഴ്ചവെച്ചു. മുന്നറ്റ നിരയും പ്രതിരോധവും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു.

എന്നാല്‍ 40-ാം മിനിറ്റ് മുതല്‍ കളി മാറി മറിഞ്ഞു. ഫാല്‍ക്കാവോയില്‍ നിന്ന് പന്ത് സ്വീകരിച്ച ഗ്വദാര്‍ദോ പന്ത് ഹാമിഷ് റോഡ്രിഗസിന് മറിച്ചു നല്‍കി. റോഡ്രിഗസ് ഉയര്‍ത്തിയടിച്ച പന്തില്‍ തലവെച്ച യെറി മിന പിഴക്കാതെ പന്ത് വലയിലാക്കി. ഈ ഗോളോടെ പോളണ്ട് പ്രതിരോധത്തിലേക്ക് വലിഞ്ഞു. എന്നാല്‍ കൊളംബിയന്‍ മുന്നേറ്റ നിര പോളണ്ടിന്റെ ഗോള്‍ മുഖത്ത് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.

രണ്ടാം പകുതിയിലും പോളണ്ടിന് സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തരാവാന്‍ കഴിഞ്ഞിരുന്നില്ല. പോളണ്ടിന്റെ മുന്നേറ്റങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമെല്ലാം മൂര്‍ച്ച കുറവായിരുന്നു. എന്നാല്‍ കൊളംബിയ തങ്ങളുടെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടിക്കൊണ്ടിരുന്നു. ഒടുവില്‍ അത് ഫലം കണ്ടു. 70-ാം മിനിറ്റില്‍ ജുവാന്‍ ക്വിന്റെറോ പോളിഷ് താരങ്ങളെ മറികടന്ന് നല്‍കിയ പാസ് റഡാമല്‍ ഫാല്‍ക്കോ കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു.

രണ്ട് ഗോളുകള്‍ക്ക് പിന്നിലായതോടെ പോളണ്ട് ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. അതിനിടെ രണ്ടാം ഗോളിന്റെ ആരവങ്ങള്‍ അടങ്ങുന്നതിന് മുമ്പ് കൊളംബിയ തങ്ങളുടെ മൂന്നാമത്തെ ഗോളും നേടി. കളിയില്‍ കൊളംബിയന്‍ മുന്നേറ്റങ്ങളെ നിയന്ത്രിച്ച ജുവാന്‍ ഗ്വദാര്‍ദോയുടെ വകയായിരുന്നു കൊളംബിയയുടെ മൂന്നാം ഗോള്‍.

SHARE