കരിപ്പൂര്‍ വിമാനദുരന്തം രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് സമൂഹ്യമാധ്യമങ്ങള്‍

മലപ്പുറം: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിനു സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ മഴ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നായിരുന്നു മുഖ്യമന്ത്രി ശനിയാഴ്ച വൈകീട്ട് നടത്തിയ പത്രസമ്മേളനത്തില്‍ വിശദീകരിച്ചത്. ദുരന്തത്തില്‍പെട്ടവരെയെല്ലാം നാട്ടുകാര്‍ ആസ്പത്രിയിലെത്തിച്ച ശേഷം അര്‍ധരാത്രിയോടെയാണ് എ.സി മൊയ്തീന്‍ കരിപ്പൂരിലെത്തുന്നത്. മന്ത്രി കരിപ്പൂരിലെത്തിയ ചിത്രം പി.ആര്‍.ഡി പുറത്തുവിടുമ്പോള്‍ സമയം രാത്രി 11.30 ആയിരുന്നു. അതിനു എത്രയോ മുമ്പ് വിമാനത്തില്‍ നിന്നും എല്ലാവരെയും പുറത്തെടുത്ത് കൊണ്ടോട്ടിയിലെയും കോഴിക്കോട്ടെയും പെരിന്തല്‍മണ്ണയിലെയും മഞ്ചേരിയിലെയും ആസ്പത്രിയിലെത്തിച്ച് കഴിഞ്ഞിരുന്നു. 7.45 ഓടെ സംഭവിച്ച ദുരന്തത്തില്‍ ഭൂരിഭാഗം പേരെയും അര മണിക്കൂര്‍ കൊണ്ടും ഏതാനും പേരെ 10.30 ഓടെയും പുറത്തെത്തിച്ച കൊണ്ടോട്ടി നിവാസികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ റെക്കോര്‍ഡ് കൊയ്തിരുന്നു. ദുരന്തം നടന്ന് എത്രയോ കഴിഞ്ഞാണ് മന്ത്രി കരിപ്പൂരിലേക്ക് പുറപ്പെടുന്നത് തന്നെ.
ആരോഗ്യമന്ത്രി ശൈലജ ആംബുലന്‍സുകളെ സജ്ജീകരിച്ചുവെന്നും അവകാശപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച ആംബുലന്‍സുകളെ കാത്തു നില്‍ക്കാതെ തന്നെ സ്വന്തം വാഹനങ്ങളിലും മറ്റുമായി പരിക്കേറ്റവരെയും കൊണ്ട് കുതിക്കുകയായിരുന്നു. ആംബുലന്‍സ് എത്തുന്നതും കാത്ത് നിന്നിരുന്നുവെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു. അപകടം നടന്നയുടന്‍ തന്നെ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി ടി.വി ഇബ്രാഹീം എം.എല്‍.എ പി അബ്ദുല്‍ ഹമീദ് എം.എല്‍.എ അഡ്വ. എം ഉമര്‍ എം.എല്‍.എ പി. ഉബൈദുല്ല എം.എല്‍.എ തുടങ്ങിയ ജനപ്രതിനിധികള്‍ ആസ്പത്രിയിലും ദുരന്തസ്ഥലത്തും ഓടിയെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ടി.വി ഇബ്രാഹീം എം.എല്‍.എയാണ് ആദ്യ മരണ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. നാട്ടുകാര്‍ രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളെ ആസ്പത്രിയില്‍ തോളോട് ചേര്‍ത്ത് ബന്ധുക്കളെ തേടിയ എം.എല്‍.എയെണ് ലോകം ദര്‍ശിച്ചത്.
ജനപ്രതിനിധികളുടെ സാന്നിധ്യം രക്ഷാപ്രവര്‍ത്തകര്‍ക്ക് പകര്‍ന്ന ആത്മധൈര്യം ചെറുതല്ല. അവരില്‍ അത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. തിമര്‍ത്തുപെയ്യുന്ന മഴയത്ത് ദുരന്തസ്ഥലത്ത് ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്ന മലപ്പുറത്തെ ജനനായകരെയാണ് കാണാനായത്. സര്‍ക്കാറിന്റെയോ മന്ത്രിയുടെയോ നിര്‍ദേശങ്ങള്‍ വരുന്നതും കാത്ത് കൊണ്ടോട്ടിയുടെ ജനത കാത്തു നിന്നില്ല. അവരില്‍ അലിഞ്ഞു ചേര്‍ന്ന നന്മയുടെ സേവനമനസ്‌കതയെയാണ് ലോകം ദര്‍ശിച്ചത്. പുലര്‍ച്ചെ വരെയും തുടര്‍ന്നും ആസ്പത്രിയിലും മറ്റുമായി നേതൃത്വം നല്‍കിയ ജനപ്രതിനിധികള്‍ മാതൃക കാണിക്കുകയായിരുന്നു. ഇതെല്ലാം വാര്‍ത്താചാനലുകളിലൂടെ ലോകജനത ദര്‍ശിച്ചതാണ്. എന്നിട്ടും മുഖ്യമന്ത്രിക്ക് അത് കാണാനായില്ല. രാജ്യം കണ്ട വലിയ വിമാന ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തെ മുഖ്യമന്ത്രി ഒരു മന്ത്രിയില്‍ മാത്രം ഒതുക്കരുതായിരുന്നുവെന്നാണ് പൊതുസമൂഹം ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിപദമെന്നത് കേരളത്തിന്റെ പൊതുസ്ഥാനമാണെന്നത് വിസ്മരിക്കരുതായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. രക്ഷാപ്രവര്‍ത്തനത്തിലെ ഒരുമയെ അതേ അര്‍ത്ഥത്തില്‍ വിളിച്ചു പറയാന്‍ എന്തിനു മുഖ്യമന്ത്രി പിശുക്ക് കാണിക്കണമെന്നാണ് നിഷ്പക്ഷര്‍ പോലും ചോദിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ നാട്ടുകാര്‍ക്ക് ഒരു പരാതിയുമില്ലെന്നിരിക്കെയാണ് മുഖ്യമന്ത്രി രാഷ്ട്രീയം കലര്‍ത്തിയെന്ന ആക്ഷേപമുയര്‍ന്നത്. കുറഞ്ഞ നേരം കൊണ്ട് ദുരന്തമുഖത്ത് നിന്നും ആസ്പത്രികളിലെത്തിക്കാന്‍ കോവിഡിനെപോലും മറന്ന് നേതൃത്വം നല്‍കിയ എം.പിമാരെയും എം.എല്‍.എ.മാരെയും മുഖ്യമന്ത്രിക്ക് ഒന്ന് പരാമര്‍ശിക്കാമായിരുന്നുവെന്നാണ് നാട്ടുകാരും സാമൂഹ്യമാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നത്. ദുരന്തസമയത്ത് തൃശൂരിലായിരുന്ന മന്ത്രി എ.സി മൊയ്തീന്റെ പേരെടുത്ത് മുഖ്യമന്ത്രി പറഞ്ഞത് ജനമധ്യത്തില്‍ മുഖ്യമന്ത്രിയെയും മന്ത്രിയെയും പരിഹാസ്യമാക്കിയിരിക്കുകയാണ്. അപകടം നടക്കുമ്പോള്‍ സ്ഥലത്ത് ആദ്യം ഓടിയെത്തിയത് നാട്ടുകാരായിരുന്നു. തുടര്‍ന്നാണ് സുരക്ഷാസേനയിലെ ഏതാനും പേര്‍ എത്തുന്നത്. ഫയര്‍ഫോഴ്‌സിനെയും കാത്ത് പകച്ച് നില്‍ക്കുകയായിരുന്നു അവര്‍. സൈനികര്‍ക്ക് പോലും ധൈര്യം പകര്‍ന്നത് മലപ്പുറത്തിന്റെ ജനപ്രതിനിധികളും നാട്ടുകാരുമാണ്.

SHARE