വിമര്‍ശനവുമായി പാര്‍ട്ടിയും; കുരുക്കു മുറുകുന്നു; ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തേക്കും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി അടുപ്പം പുലര്‍ത്തിയതിന് മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തതോടെ വിമര്‍ശനവുമായി സിപിഎമ്മും രംഗത്ത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന്റെ നിയമനത്തില്‍ ശിവശങ്കറിന് ജാഗ്രതക്കുറവ് ഉണ്ടായെന്നാണ് പാര്‍ട്ടിയും വിലയിരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി പാര്‍ട്ടി നേതൃത്വം സംസാരിച്ചതായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സര്‍വീസ് ചട്ടലംഘനവും സ്വപ്നയുടെ നിയമനത്തിലെ ജാഗ്രതക്കുറവും കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി. സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തേക്കുമെന്നാണ് സൂചന. എഎന്‍ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൂടി നീണ്ടതോടെ സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടി ഉടന്‍ വേണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. നടപടയില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന് തന്നേ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നടപടിയെടുക്കാന്‍ പര്യാപ്തമായ വസ്തുതകളില്ല എന്ന നിലപാടിലായിരുന്നു ഇതുവരെ സര്‍ക്കാര്‍.

എന്നാല്‍, ശിവശങ്കര്‍ സര്‍വീസില്‍ തുടരുന്നത് സര്‍ക്കാരിനും മുന്നണിക്കും കളങ്കമേല്‍പ്പിക്കുമെന്ന പൊതുവിലയിരുത്തലാണ് ഇപ്പോള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനുമുള്ളത്. മുന്നണിയില്‍ നിന്നുതന്നെ വിമര്‍ശനമുയരുന്നതിന് മുമ്പ് നടപടി സ്വീകരിക്കണമെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. അന്വേഷണം ശിവശങ്കറിലേക്ക് നീങ്ങുകയാണെങ്കില്‍ കടുത്ത തീരുമാനമുണ്ടാകുമെന്ന് എല്‍ഡിഎഫിലെ മുഖ്യ കക്ഷിയായ സിപിഐയുടെ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കാനിരിക്കെയാണ് പിണറായി സര്‍ക്കാറിന് കുരുക്കായി പാര്‍ട്ടിയില്‍ നിന്നുതന്നെ വിമര്‍ശനം ഉയരുന്നത്. മുമ്പ് പിണറായി വിജയന്‍ തന്നെ മുന്നോട്ട് വച്ച അവകാശവാദങ്ങള്‍ ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് തിരിച്ചടിയായിരുന്നു. കൂടുതല്‍ കുരുക്ക് മുറുകുന്നതിന് മുമ്പേ ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്ത് തടിയൂരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. അന്വേഷണവിധേയമായിട്ടായിരിക്കും സസ്പെന്‍ഡ് ചെയ്യുക. മിക്കവാറും വൈകിട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയിലും രണ്ടഭിപ്രായമുള്ളതായാണ് സൂചന. നിലവില്‍ ശിവശങ്കര്‍ ദീര്‍ഘകാല അവധിയിലാണ്.

SHARE