തിരുവനന്തപുരം: ‘പാലത്തായി കേസിന്റെ അന്വേഷണം നടന്നിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് കേസ് ചാര്‍ജ് ഷീറ്റ് ചെയ്തിട്ടുണ്ട്, ചാര്‍ജ് ഷീറ്റ് കഴിഞ്ഞപ്പോ അതുമായി ബന്ധപ്പെട്ട് കോടതി ഇപ്പോ നടപടികള്‍ സ്വീകരിച്ചു വരികയാണ്. അതാണ് ഉള്ള സംഭവം. അതേക്കുറിച്ച് എനിക്കൊന്നും പറയാന്‍ കഴിയില്ലാലോ’ – വിവാദമായ പാലത്തായി പീഡനക്കേസിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ. ഇന്ന് വൈകിട്ടത്തെ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഈ മറുപടി.
ബി.ജെ.പി നേതാവ് പ്രതിയായ ബാലികാ പീഡനകേസിന്റെ കുറ്റപത്രത്തില്‍ പോക്‌സോ വകുപ്പ് പോലും ചേര്‍ക്കാത്തതിനാല്‍ പ്രതിക്ക് ജാമ്യം കിട്ടിയിരുന്നു. ഇതുസബന്ധിച്ചായിരുന്നു മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ജാമ്യം അനുവദിച്ചത് പൊലീസിന്റെ വീഴ്ചയാണ് എന്ന് ചൂണ്ടിക്കാട്ടി വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. മുഖ്യമന്ത്രിയുടെയും കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജയും ഫേസ്ബുക്ക് പേജുകളില്‍ നിരവധി പേര്‍ പ്രതിഷേധക്കുറിപ്പിട്ടിരുന്നു.
ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജനെതിരെ നിസ്സാര കുറ്റം ചുമത്തിയാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്നാണ് വ്യാഴാഴ്ച തലശ്ശേരി ജില്ല കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. 90ാം ദിവസമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. വ്യാപക വിമര്‍ശനങ്ങള്‍ക്കിടെ ദുര്‍ബലമായ കുറ്റപത്രം നല്‍കുകയായിരുന്നു. റിമാന്‍ഡ് കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഇത്. താരതമ്യേന നിസാര വകുപ്പായ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലും തുടക്കത്തില്‍ പൊലീസ് മടികാണിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം രൂക്ഷമായപ്പോഴാണ് പരാതി നല്‍കി ഒരുമാസത്തിന് ശേഷം അറസ്റ്റ് നടന്നത്. കുട്ടിയെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് മാത്രമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ മനോനില ശരിയല്ലാത്തതിനാല്‍ പോക്സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോണ്‍ രേഖകള്‍ അടക്കമുള്ള ശാസ്ത്രീയ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുകയായിരുന്നു.
പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി.