ഒരു മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്രയും ഉപദേഷ്ടാക്കള്‍? അവര്‍ എന്തു ചെയ്യുകയാണ്?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി പിണറായി വിജയന്റെ ഉപദേഷ്ടാക്കള്‍ വഴി സംസ്ഥാന ഖജനാവിന് പ്രതിമാസ നഷ്ടം ലക്ഷങ്ങള്‍. ശമ്പളം, യാത്രാബത്ത, ദിനബത്ത, സര്‍ക്കാര്‍ വാഹനങ്ങള്‍ തുടങ്ങിയവ വഴി വന്‍ അധിക ബാദ്ധ്യതയാണ് സര്‍ക്കാറിനുള്ളത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഉപദേഷ്ടാക്കളുള്ള ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. നിലവില്‍ ഏഴ് ഉപദേഷ്ടാക്കളാണ് പിണറായിക്കുള്ളത്.

ഉപദേഷ്ടാക്കളും അവര്‍ക്കുള്ള ആനുകൂല്യവും ഇങ്ങനെ;

 1. രമണ്‍ ശ്രീവാസ്തവ (പൊലീസ് ഉപദേഷ്ടാവ്)
  ചീഫ് സെക്രട്ടറി റാങ്കിലുള്ള ഇദ്ദേഹത്തിന് ശമ്പളമില്ല. ഓഫീസുണ്ട്. യാത്രബത്തയും ദിനബത്തയുമുണ്ട്. കാറും രണ്ടു ഡ്രൈവര്‍മാരും. കേരളത്തെ പിടിച്ചു കുലുക്കിയ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അന്ന് ഐജിയായിരുന്ന ശ്രീവാസ്തവയ്‌ക്കെതിരെ നിയമസഭയില്‍ പ്രസംഗിച്ചിട്ടുണ്ട് പിണറായി വിജയന്‍.
 2. ജോണ്‍ ബ്രിട്ടാസ് (മാധ്യമ ഉപദേഷ്ടാവ്)
  ചീഫ് സെക്രട്ടറി റാങ്ക്. ശമ്പളമില്ല. ഓഫിസ്, ബത്തകള്‍, കാര്‍. നിലവില്‍ പാര്‍ട്ടി ചാനലായ കൈരളിയുടെ ഓപറേറ്റിങ് മേധാവി കൂടിയാണ് ജോണ്‍ ബ്രിട്ടാസ്.
 3. പ്രഭാവര്‍മ (പ്രസ് അഡൈ്വസര്‍)
  ഒരു ലക്ഷത്തോളം ശമ്പളം. ഓഫിസ്, ബത്തകളും കാറും. ദേശാഭിമാനി എഡിറ്ററായിരുന്നു കവി കൂടിയായ പ്രഭാവര്‍മ.
 4. വി.എസ്.സെന്തില്‍ (പ്രിന്‍സിപ്പല്‍ സെക്രട്ടറി- ഏകോപനം) അഡീഷണല്‍
  ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം വീണ്ടും നിയമനം. വകുപ്പു സെക്രട്ടറിക്കു സമാനമായ ശമ്പളവും ഓഫീസും കാറുമുണ്ട്. നേരത്തെ ആസൂത്രണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു സെന്തില്‍.
 5. എം.സി.ദത്തന്‍ (ശാസ്ത്ര ഉപദേഷ്ടാവ്)
  ചീഫ് സെക്രട്ടറി റാങ്ക്, ശമ്പളമില്ല. ഓഫിസ്, കാര്‍, ബത്തകള്‍. പ്രമുഖ ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞനാണ് ദത്തന്‍. വി.എസ്.എസ്.സിയുടെ മുന്‍ ഡയറക്ടറാണ്.
 6. എ.സമ്പത്ത് (ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി)
  കാബിനറ്റ് റാങ്ക്, മന്ത്രിമാര്‍ക്കു സമാനമായ ശമ്പളം, പഴ്‌സനല്‍ സ്റ്റാഫ്, കാര്‍, വീട്. ഏറെ വിവാദമായ നിയമനമായിരുന്നു ആറ്റിങ്ങല്‍ മുന്‍ എം.പിയായിരുന്ന സമ്പത്തിന്റേത്. പ്രളയ പുനരധിവാസത്തിന് പൊതുജനങ്ങളില്‍ നിന്ന് സെസ് പിരിക്കുന്നത് പ്രാബല്യത്തില്‍ വന്ന വേളയിലായിരുന്നു സമ്പത്തിന്റെ നിയമനം.
 7. എന്‍.കെ.ജയകുമാര്‍ (നിയമ ഉപദേഷ്ടാവ്)
  ഒരു ലക്ഷത്തോളം ശമ്പളം. ഓഫിസ്, ബത്തകള്‍, കാര്‍. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് മുന്‍ വൈസ് ചാന്‍സലറാണ് ജയകുമാര്‍.

ഉപദേഷ്ടാക്കളെ കൂടാതെ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ ശമ്പളം വാങ്ങുന്ന 25 പേരുണ്ട്. സമൂഹമാധ്യമങ്ങളും വെബ്‌സൈറ്റും കൈകാര്യം ചെയ്യാന്‍ കരാറടിസ്ഥാനത്തില്‍ 27 പേരും. ഇവരെ സ്ഥിരപ്പെടുത്താനായി ചട്ട ഭേദഗതിക്കു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഇത്രയും ഉപദേഷ്ടാക്കളുണ്ട് എങ്കിലും ഇവര്‍ നല്‍കിയ ഉപദേശങ്ങളുടെ വിവരങ്ങള്‍ ലഭ്യമല്ല. വിവരാവകാശ പ്രവര്‍ത്തകന്‍ എസ് ധരരാജ് ഇതുസംബന്ധിച്ച് ആര്‍.ടി.ഐ അപേക്ഷ നല്‍കിയിരുന്നു എങ്കിലും വിവരങ്ങള്‍ ലഭ്യമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മറുപടി.

SHARE