കേന്ദ്രസര്‍ക്കാറിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ച കേന്ദ്രസര്‍ക്കാറിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ തരത്തിലുള്ള സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരളം സന്ദര്‍ശിച്ചു എന്ന് മാത്രമല്ല, അടിയന്തര സഹായധനം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ സഹായങ്ങള്‍ നല്‍കാമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. ഇത്തരം ഇടപെടല്‍ നന്ദിയോടെ സര്‍ക്കാര്‍ ഓര്‍ക്കുന്നു.രക്ഷാ പ്രവര്‍ത്തനത്തിന് സംസ്ഥാനത്തെ സഹായിക്കുന്നതിന് എല്ലാ തലത്തിലുമുള്ള സഹായവും ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായതായും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതിയിലെ രക്ഷാ പ്രവര്‍ത്തനം എന്ന ആദ്യഘട്ടം നല്ല നിലയില്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിന് കൈമെയ് മറന്ന് സഹകരിച്ച എല്ലാവരെയും അഭിനന്ദിക്കാനും ഈ അവസരം ഉപയോഗിക്കുന്നു. ദുരിതത്തില്‍ നാട്ടിന് പുറത്ത് ജീവിക്കുമ്പോഴും കേരളത്തിന്റെ ഭാഗമാണെന്ന് ബോധം കാത്തുസൂക്ഷിച്ചുകൊണ്ട് എന്നും ഇടപെട്ടിട്ടുള്ള പ്രവാസികള്‍ വലിയ സഹായവും സംഭാവനയുമാണ് ദുരിതാശ്വാസത്തിന് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.