ചര്‍ച്ച ചോരുന്നത് മന്ത്രിമാര്‍ വഴിയെന്ന് മുഖ്യമന്ത്രി; ഇനി ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: മന്ത്രിമാരില്‍ മുഖ്യമന്ത്രിക്ക് അവിശ്വാസം. മന്ത്രിസഭായോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നത് മന്ത്രിമാരാണെന്ന് സംശയമുണ്ടെന്നും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞു. ചര്‍ച്ചകള്‍ ചോരുന്നതിലെ നീരസവും പിണറായി പ്രകടിപ്പിച്ചു. കോവളം കൊട്ടാരവും അതിനോട് ചേര്‍ന്നുള്ള സ്ഥലവും സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് വിട്ടു നല്‍കുന്നത് സംബന്ധിച്ച് കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ചോര്‍ന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

സി.പി.ഐ മന്ത്രിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോവളം കൊട്ടാരവും അനുബന്ധ സ്ഥലവും സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് വിട്ടുനല്‍കുന്നത് സംബന്ധിച്ച് മന്ത്രിസഭയില്‍ തീരുമാനമായില്ലെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹോട്ടലും സ്ഥലവും ആര്‍.പി ഗ്രൂപ്പിന് വിട്ടുനല്‍കാമെന്ന നിയമ സെക്രട്ടറിയുടെ ഉപദേശത്തെ എതിര്‍ത്തുള്ള കുറിപ്പ് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗത്തിന് നല്‍കിയതും ചീഫ് സെക്രട്ടറി അത് വായിച്ചതും തുടര്‍ന്ന് മന്ത്രിമാര്‍ പറഞ്ഞ അഭിപ്രായങ്ങളുമെല്ലാം അവരുടെ പേരുകള്‍ സഹിതം പത്രങ്ങളില്‍ വന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

ചില മന്ത്രിമാരാണ് മാധ്യമങ്ങള്‍ക്ക് ചര്‍ച്ചയുടെ വിവരം നല്‍കുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം, മന്ത്രിമാര്‍ക്കിടയില്‍ പരസ്പരമുള്ള സംശയത്തിനും ഇടയാക്കി. സ്വന്തം വകുപ്പിനെക്കുറിച്ചുള്ള സംശയം തീര്‍ക്കാന്‍ ബന്ധപ്പെടാറുള്ള മാധ്യമങ്ങളോട് സംസാരിക്കാറുള്ള മന്ത്രിമാര്‍ പോലും തങ്ങളെക്കുറിച്ചാണോ മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്ന ആശങ്കയിലായി. വിവാദമായ കോവളം കൊട്ടാരം സംബന്ധിച്ച ഫയല്‍ വിനോദ സഞ്ചാര വകുപ്പിന്റെ നിര്‍ദ്ദേശമായി വീണ്ടും മന്ത്രിസഭയില്‍ കൊണ്ടുവരാനാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
കൊട്ടാരവും ചേര്‍ന്നുള്ള സ്ഥലവും വിനോദ സഞ്ചാര വകുപ്പിന്റെ ഉടമസ്ഥതയില്‍ ആയതു കൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തത്. ഇത് ഉള്‍പ്പെടെ ഇനി എടുക്കുന്ന തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു പോകരുതെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കോവളം കൊട്ടാരം ആര്‍.പി ഗ്രൂപ്പിന് കൈമാറുന്ന പ്രശ്‌നം റവന്യു വകുപ്പാണ് അജന്‍ഡയില്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ചത്.

നിയമോപദേശം കണക്കിലെടുക്കുമ്പോള്‍ ഇനി കേസുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്നായിരുന്നു സി.പി.എം മന്ത്രിമാരുടെ നിലപാട്. എന്നാല്‍ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാമെന്ന നിലപാടില്‍ റവന്യുമന്ത്രിയും മറ്റ് സി.പി.ഐ മന്ത്രിമാരും ഉറച്ചുനിന്നു. അഭിപ്രായ ഐക്യം ഉണ്ടാകാതെ വന്നതോടെ നിയമമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് ധാരണയിലെത്തുകയായിരുന്നു. ഈ തീരുമാനമാണ് മാധ്യമങ്ങളില്‍ വന്നത്.

SHARE