നിയന്ത്രണങ്ങള്‍ക്കിടെ സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കി മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ മേയ് 13 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കള്ള് ചെത്താന്‍ തൊഴിലാളികള്‍ക്ക് നേരത്തെ അനുവാദം നല്‍കിയിരുന്നു. സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്ന കാര്യത്തില്‍ ഇത് വരെ തീരുമാനം ആയിട്ടില്ല.

സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ക് ഡൗണിന് ശേഷം മാത്രമായിരിക്കും ബിവറേജുള്‍പ്പെടെ തുറക്കുകയെന്നാണ് വ്യക്തമാകുന്നത്, ദില്ലിയും, കര്‍ണ്ണാകയും അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ ഇളവുകള്‍ ഉപയോഗപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളില്‍ മദ്യവില്‍പ്പന ആരംഭിച്ചിരുന്നു. പ്രവാസികള്‍ മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ പൊലീസിന്റെ ജോലിഭാരം കൂടി കണക്കിലെടുത്താണ് തീരുമാനം. കൊവിഡ് പ്രതിസന്ധിയും സാമ്പത്തിക ഞെരുക്കവും കണക്കിലെടുത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ പൂര്‍ണ്ണമായും അടച്ചിടുക എന്ന നയം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ വില്‍പ്പനശാലകള്‍ തുറന്നപ്പോള്‍ ഉള്ള സാഹചര്യം നമ്മുക്ക് മുന്നിലുണ്ടെന്നായിരുന്നു ഇതേ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി. ഓണ്‍ലൈന്‍ വിതരണത്തെപറ്റിയുള്ള ചോദ്യത്തിന് എന്തൊക്കെയാണ് ചെയ്യാന്‍ പറ്റുകയെന്ന് നോക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തൊഴിലാളികള്‍ ചെത്ത് തുടങ്ങിയിട്ടുണ്ട്. ഇനിയത് കള്ള് ഷാപ്പിലെത്തിയില്ലെങ്കില്‍ അത് വലിയ പ്രശ്‌നമാകും അത് കൊണ്ടാണ് കള്ള് ഷാപ്പുകള്‍ തുറക്കാന്‍ അനുവദിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.